തൃശൂർ: വിദ്യാർത്ഥികളെ വല വീശിപ്പിടിച്ച് കഞ്ചാവ് മാഫിയകളുടെ കണ്ണികളാക്കുന്നവർക്കെതിരെ കർശന നടപടിയുമായി എക്‌സൈസ്, പൊലീസ് വകുപ്പുകൾ രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വിദ്യാലയ പരിസരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന കഞ്ചാവ് മാഫിയയെ വേരോടെ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളെ ലഹരിവിമുക്തമാക്കുന്നതിന്റെ ഭാഗമായി ബോധവത്കരണവും പട്രോളിംഗും ശക്തമാക്കി. കഴിഞ്ഞ കുറെ കാലങ്ങളായി പൊലീസും എക്‌സൈസും പിടികൂടുന്ന കഞ്ചാവ് - മയക്കുമരുന്നു കഞ്ചാവടക്കാരിൽ നല്ലൊരു ശതമാനം വിദ്യാർത്ഥികളായിരുന്നു. ഇതിൽ എൻജിനിയറിംഗ് വിദ്യാർത്ഥികളെ വരെ അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് കൊച്ചി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്ന ജില്ലയായി തൃശൂർ മാറിക്കഴിഞ്ഞു. പാൻ മസാല വിൽപ്പനയും വ്യാപകമാണ്. വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയകൾക്കെതിരെ സന്നദ്ധ സംഘടനകളും മറ്റും ബോധവത്കരണവുമായി രംഗത്തിറങ്ങുന്നുണ്ടെങ്കിലും ഇവയെ തടയാൻ സാധിക്കാത്ത നിലയിലാണ്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പിടികൂടിയത് 400 കിലോ കഞ്ചാവ്
ആദ്യം പാൻ മസാല, കറങ്ങാൻ വണ്ടിയും
ആദ്യം പാൻ മസാല നൽകി വശത്താക്കിയ ശേഷം പതുക്കെ കഞ്ചാവും നൽകിയാണ് സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരെ മാഫിയ വലയിൽ വീഴ്ത്തുന്നത്. കൂടുതൽ ആകർഷിക്കുന്നതിനായി കറങ്ങുന്നതിന് ആഡംബര ബൈക്കുകളും നൽകുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
നടപടികൾ ഇങ്ങനെ എക്‌സൈസ്
നിരോധിത പാൻ മസാല ഉൾപ്പടെയുള്ള ലഹരി ഉത്പന്നങ്ങളുടെ കച്ചവടം ഇല്ലാതാക്കാൻ നടപടി തുടങ്ങി. സ്‌കൂൾ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തി സ്വഭാവ വ്യതിയാനമുള്ള വിദ്യാർത്ഥികളെ നിരീക്ഷിച്ച് ബോധവത്കരണം നടത്തുന്നു. ഇതോടൊപ്പം സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ ക്ലാസുകൾക്കും സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധനയ്ക്കും തുടക്കമായി.
പൊലീസ്
സിറ്റി പൊലീസ് പരിധിയിൽ ഒരോ സ്‌കൂളുകളിലും ഒരോ പൊലീസുകാരെ നിരീക്ഷണത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ ആരംഭിക്കുന്ന സമയങ്ങളിലും വിടുന്ന സമയങ്ങളിലും ഇവരുടെ സാന്നിദ്ധ്യം സ്‌കൂൾ പരിസരത്ത് ഉണ്ടാകും. കൂടാതെ സ്‌കൂൾ അധികൃതരിൽ വിദ്യാർത്ഥികളെ സംബന്ധിച്ച റിപ്പോർട്ടുകളും ശേഖരിക്കും.
ശക്തമായ നടപടി
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ്- നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പട്രോളിംഗും ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
- ജി. രാജേഷ്, തൃശൂർ സിറ്റി എക്‌സൈസ് സി.ഐ
സിറ്റി പൊലീസ് നിരീക്ഷിക്കും
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നിയോഗിക്കപ്പെടുന്ന പൊലീസുകാർ നൽകുന്ന റിപ്പോർട്ടുകൾ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് പരിശോധിച്ച് നടപടികൾ സ്വീകരിക്കും.
- വി.കെ. രാജു, എ.സി.പി തൃശൂർ