തൃശൂർ: സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര പ്രധാനമന്ത്രിയെ അനാദരിച്ചുവെന്ന ആരോപണത്തിന്, ചിത്രം സഹിതം പുറത്ത് വിട്ട് സിറ്റി പൊലീസിന്റെ മറുപടി. സിറ്റി പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് കുട്ടനെല്ലൂർ ഹെലിപാഡിലെത്തിയ പ്രധാനമന്ത്രിയെ കൈകൊടുത്ത് സ്വീകരിക്കുന്ന ചിത്രമുൾപ്പെടെ മറുപടി നൽകിയത്.
'പ്രധാനമന്ത്രിയെ അനാദരിച്ചുവെന്ന് ആരോപണം, യതീഷ് ചന്ദ്ര വീണ്ടും വിവാദത്തിൽ' എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സിറ്റി പൊലീസിന്റെ നടപടി. തൃശൂരിൽ ഇക്കഴിഞ്ഞ ജനുവരിയിൽ യുവമോർച്ച സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനെത്തിയ പ്രധാനമന്ത്രിയെ കുട്ടനെല്ലൂർ ഹെലിപാഡിൽ വെച്ച് മേയർ അജിത വിജയൻ, കലക്ടർ ടി.വി. അനുപമ എന്നിവർക്കൊപ്പമാണ് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയും സ്വീകരിക്കാനെത്തിയത്.
മേയറും കളക്ടറും ഉപചാരപൂർവ്വം വരവേറ്റപ്പോൾ കമ്മിഷണർ ഗൗനിച്ചില്ലെന്നായിരുന്നു പരാതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പറയുന്നു. ഇതിനിടെ പുതിയ കമ്മിഷണറേറ്റുകളുടെ രൂപീകരണത്തിന്റെ ഭാഗമായി പൊലീസിലെ അഴിച്ചുപണിയിൽ യതീഷ് ചന്ദ്രയെ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് മാറ്റി.
നാളെ പ്രധാനമന്ത്രി ഗുരുവായൂർ സന്ദർശിക്കാനിരിക്കെ സ്ഥലം മാറ്റവും വിവാദവും ചേർത്ത് പ്രചരിക്കുന്ന സാഹചര്യത്തിലാണ് സിറ്റി പൊലീസ് അന്ന് പ്രധാനമന്ത്രിയെ കൈ കൊടുത്ത് സ്വീകരിക്കുന്ന ചിത്രമുൾപ്പെടെ പുറത്ത് വിട്ടത്. ശബരിമല വിവാദ സമയത്ത് കേന്ദ്രമന്ത്രിയായിരുന്ന പൊൻരാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ ബി.ജെ.പിയുടെ പ്രതിഷേധം ഉയർന്നിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ തിരക്കിലാണ് കമ്മിഷണർ..