തൃശൂർ: എഴുത്തച്ഛൻ എഡ്യൂക്കേഷണൽ സൊസൈറ്റി ഭാരവാഹി തർക്കം തീർപ്പായതായി പുതിയ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ജില്ലാ രജിസ്ട്രാർ പഴയ ഭാരവാഹി ലിസ്റ്റ് റദ്ദാക്കി പുതിയ ഭാരവാഹികളെ അംഗീകരിച്ചു. കെ.ജി. അരവിന്ദാക്ഷൻ പ്രസിഡന്റും സി.എൻ. സജീവൻ സെക്രട്ടറിയും വി.വി. അനിൽകുമാർ ട്രഷററുമായ ഭരണസമിതിയെയാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലാ രജിസ്ട്രാർ അംഗീകരിച്ചത്. നിലവിലെ ഭാരവാഹികളായ എം.എ. കൃഷ്ണനുണ്ണി, പി.എസ്. ജയഗോപാലൻ, എ.എ. കുമാരൻ, പി.എ. ബാലൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകുന്ന ഭാരവാഹി ലിസ്റ്റ് റദ്ദാക്കി. എഴുത്തച്ഛൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സ്വത്തുക്കൾ പുതിയ ഭാരവാഹികളുടെ നിയന്ത്രണത്തിലാണെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എഴുത്തച്ഛൻ എഡ്യൂക്കേഷണൽ സൊസൈറ്റി ജനറൽ സെക്രട്ടറി സി.എൻ സജീവൻ, വി.വി. അനിൽകുമാർ, ഡോ. എ.എൻ. ശശിധരൻ, അഡ്വ. പ്രകാശ് തച്ചുപറമ്പിൽ, പ്രൊഫ. ടി.ബി. വിജയകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.