ഒല്ലൂർ: വിദ്യാർത്ഥികളെ കാണുമ്പോൾ ആട്ടിയോടിക്കുന്ന ബസ് ഉടമസ്ഥർക്ക് മാതൃകയായി ചിയ്യാരം സുമംഗലീസ് ബസ് സർവീസ്. സ്‌കൂൾ പ്രവേശനോത്സവ ദിനത്തിൽ ബസിൽ കയറുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയും ഒപ്പം തന്നെ പേന നൽകിയാണ് ബസ് ജീവനക്കാർ വിദ്യാർത്ഥികളെ എതിരേറ്റത്. ചിയ്യാരം സുമംഗലി തോപ്പിൽ വീട്ടിൽ ബിനിൽ ആണ് തന്റെ ബസിൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിച്ചത്. ടൂറിസ്റ്റ് ബസ് മേഖലയിൽ ആയിരുന്ന ഇവർ രണ്ടുവർഷം മുമ്പാണ് ലൈൻ ബസ് മേഖലയിലേക്കു തിരിഞ്ഞത്. ഈ ബസ് കമ്പനിയുടെ രണ്ട് ബസുകൾ കൂടി ഏതാനും ദിവസങ്ങൾക്കകം നിരത്തിലിറങ്ങും. കഴിഞ്ഞ ഓണക്കാലത്തും നിരവധി സൗകര്യങ്ങൾ ഇവർ ജനങ്ങൾക്കായി അനുവദിച്ചിരുന്നു. അടുത്ത പൊതുപരിപാടിയിൽ ഈ ബസ് ഉടമസ്ഥനെ ആദരിക്കുമെന്ന് കെ. രാജൻ എം.എൽ.എ വ്യക്തമാക്കി.