ചാലക്കുടി: നഗരത്തിലെ ട്രാഫിക് പരിഷ്‌കാരം വിനയായെന്ന ആരോപണവുമായി സ്വകാര്യ ബസ് തൊഴിലാളികൾ രംഗത്ത്. ട്രാഫിക് കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കുമ്പോൾ എല്ലാ വിധത്തിലും ബലിയാടാകുന്നത് തങ്ങളാണെന്ന് തൊഴിലാളികൾ ഒന്നടങ്കം പറയുന്നു. കെ.എം.വി സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റി, സർവീസ് റോഡിലൂടെ വീണ്ടും സൗത്തിലെത്തി മാളയിലേക്ക് ബസുകൾ പോകുമ്പോൾ അഞ്ചു മിനിറ്റാണ് അധികമായി ചെലവാകുന്നത്. വേഗം കൂടുമ്പോൾ യാത്രക്കാരുടെ ശകാരവും കേൾക്കേണ്ടി വരുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. പരീക്ഷണാർത്ഥം രണ്ടുദിവസം പുതിയ തീരുമാനപ്രകാരം സർവീസ് നടത്തിയ ശേഷം അപാകതകൾ പരിഹരിക്കാമെന്ന് ട്രാഫിക് കമ്മിറ്റി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികൃതർ ഇതുവരെയും നടപടികൾ സ്വീകരിച്ചിട്ടില്ല. ബസ് തൊഴിലാളികൾ വ്യക്തമാക്കി.