ചാലക്കുടി: പൂലാനി സുബ്രഹ്മണ്യ ക്ഷേത്ര പറമ്പിൽ കുറുന്തോട്ടിക്കൃഷിക്ക് തുടക്കം. ക്ഷ്രേതം ലീസിന് നൽകിയ അരയേക്കർ സ്ഥലത്ത് മേലൂരിലെ കർഷകൻ പെരിങ്ങാത്ര മോഹനനാണ് കുറുന്തോട്ടിക്കൃഷി ആരംഭിച്ചത്. മറ്റത്തൂർ ലേബർ കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് ഈ ഔഷധച്ചെടിയുടെ കൃഷിക്ക് വേരോട്ടമാകുന്നത്.
ചാലക്കുടി മേഖലയിലെ ആദ്യത്തെ സംരംഭമാണിത്. വിത്ത് സൊസൈറ്റി നൽകും. വിളവെടുക്കുന്ന വേളയിൽ കിലോയ്ക്ക് 70 രൂപാ നിരക്കിൽ സൊസൈറ്റി തന്നെ ഉത്പന്നം വാങ്ങും. ഇതിനോടകം തടത്തിൽ വീണ വിത്തുകൾ ഉപയോഗപ്പെടുത്തി കർഷകന് തുടർ കൃഷിയും ചെയ്യാനാകും. ഒരു ഏക്കർ സ്ഥലത്ത് രണ്ടര ടൺ കുറുന്തോട്ടി വിളവെടുക്കാമെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രം ശാന്തി വിഷ്ണു വിത്ത് നട്ട് കൃഷി ഉദ്ഘാടനം ചെയ്തു. പെരിങ്ങാത്ര മോഹനൻ, മുൻ സെക്രട്ടറി മോഹനൻ വെള്ളാപ്പിള്ളി തുടങ്ങിയവർ സംബന്ധിച്ചു.