കൊടുങ്ങല്ലൂർ: ജൂലായ് 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ഇന്ന് തുടക്കമാകും. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷൽ കൺട്രോൾ റൂം സജ്ജമാക്കി. ട്രോളിംഗ് നിരോധനത്തോട് അനുബന്ധിച്ച് കടലോര ജാഗ്രതാ സമിതിയുടെ ജില്ലാ തല യോഗവും വിളിച്ചു. ട്രോളിംഗ് നിരോധന കാലയളവിൽ പരിശീലനം പൂർത്തിയാക്കിയ മത്സ്യത്തൊഴിലാളി യുവാക്കൾ തീരദേശ പൊലീസ് സേനയുടെ ഭാഗമാകും. രജിസ്ട്രേഷനും ലൈസൻസും ഇല്ലാത്ത മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കരുതെന്നും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജീവൻരക്ഷാ ഉപകരണങ്ങളുമായി മാത്രമേ കടലിൽ പോകാൻ പാടുള്ളൂ എന്നും തീരുമാനിച്ചു. ലൈഫ് ജാക്കറ്റ്, ജി.പി.എസ് കമ്മ്യൂണിക്കേഷൻ സംവിധാനം എന്നിവ എല്ലാ യാനങ്ങളിലും ഉറപ്പാക്കും. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും. കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളും അവരുടെ സുരക്ഷയും യാനങ്ങളുടെ ഉടമകൾ ഉറപ്പാക്കണം. വിദഗ്ദ്ധ പരിശീലനം ലഭിച്ച രണ്ട് കടൽ രക്ഷാദൗത്യ സ്ക്വാഡുകളെ തീരദേശത്ത് നിയോഗിക്കും. രക്ഷാപ്രവർത്തനങ്ങൾക്കായി തീരദേശ പോലീസിന്റെ 1093 എന്ന നമ്പറും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ടോൾഫ്രീ നമ്പർ 1564 എന്ന നമ്പറും 24 മണിക്കൂറും സജ്ജമായിരിക്കുന്നു എന്നുറപ്പ് വരുത്താനും യോഗത്തിൽ ധാരണയായി. വലപ്പാട് പൊലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തീരദേശ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു കടലോര ജാഗ്രതാ സമിതി അംഗം അഷറഫ് പൂവ്വത്തിങ്കൽ ആമുഖ പ്രസംഗം നടത്തിയ യോഗത്തിൽ ട്രോളിംഗ് സംബന്ധിച്ച് സിവിൽ പോലീസ് ഓഫീസർ പ്രശാന്ത് കുമാർ ക്ളാസെടുത്തു...