ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിന് ക്ഷേത്ര നഗരി ഒരുങ്ങി. ഇന്ന് രാവിലെ 9.40 ഓടെയാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളേജിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ ഇറങ്ങുക. അവിടെ നിന്നും റോഡ് മാർഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. പ്രധാനമന്ത്രി വിശ്രമിക്കുന്ന ശ്രീവത്സം ഗസ്റ്റ് ഹൗസ് മോടി പിടിപ്പിക്കുന്ന പണികൾ പൂർത്തിയായി. ക്ഷേത്രത്തിലും പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കം പൂർത്തിയായിട്ടുണ്ട്. രാവിലെ 10 നാണ് ക്ഷേത്ര ദർശനം. ഒരു മണിക്കൂറോളം പ്രധാനമന്ത്രി ക്ഷേത്രത്തിൽ ചെലവഴിക്കും. പ്രധാനമന്ത്രിക്ക് വേണ്ടി ക്ഷേത്രത്തിൽ നടത്തുന്ന മുഴുക്കാപ്പ് കളഭം ചാർത്തുന്ന വഴിപാട് ഇന്നലെ നടന്നു. ഇതിന്റെ പ്രസാദമായ കളഭം ഇന്ന് ക്ഷേത്രത്തിൽ വെച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ പ്രധാനമന്ത്രിക്ക് കൈമാറും...