ചെറുതുരുത്തി: വിവിധ സർട്ടിഫിക്കറ്റുകൾക്കായി കയറിയിറങ്ങുന്നവരെ വട്ടം കറക്കി ചെറുതുരുത്തി വില്ലേജ് ഓഫീസ്. വിദ്യാർത്ഥികളുടെ അഡ്മിഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി നൂറുകണക്കിനാളുകളാണ് വില്ലേജ് ഓഫീസിൽ എത്തുന്നത്. പല സർട്ടിഫിക്കറ്റുകൾക്കും അപേക്ഷ നൽകിയ ശേഷം വില്ലേജ് അധികൃതരെ പ്രത്യേകം കാണണമെന്നാണ് ഇവിടത്തെ അലിഖിത നിയമം.

നികുതിയടക്കാൻ പോലും 2 ആഴ്ചയെങ്കിലും വില്ലേജ് ഓഫീസിന്റെ പടികൾ കയറിയിറങ്ങണം. നിലാവുള്ളപ്പോൾ പുലരും വരെ എന്നതാണ് ഇവിടത്തെ നയം. എന്നാൽ പലരും കാര്യം നടക്കാൻ ഇവിടത്തെ കള്ളക്കളികൾ പുറത്തു പറയാൻ മടിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ടെക്‌നിക്കൽ സ്ഥാപനങ്ങളിൽ അപേക്ഷ നൽകാൻ പുതിയ വർഷത്തെ കരം ഒടുക്കിയതിന്റെ രസീത് കൂടി ആവശ്യമാണത്രേ. എന്നാൽ നികുതി അടക്കാൻ പോലും ഇവിടെ ഒരാഴ്ചയിലധികം കാത്തു നിൽക്കണം.

ഭവന നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഓഫീസിലെത്തുന്നവരുടെ സ്ഥിതിയും മറിച്ചല്ല. കൈമടക്കിന്റെ സൂത്രമറിയുന്നവർ പിൻവാതിലിലൂടെ സർട്ടിഫിക്കറ്റുകളും വാങ്ങി പോകുമ്പോൾ ഇതൊന്നുമറിയാത്ത പാവം ജനം ദിവസവും ഓഫീസിന്റെ പടി കയറിയിറങ്ങുന്നു. ചെറുതുരുത്തി വില്ലേജ് ഓഫീസിൽ നടക്കുന്ന കൃത്രിമങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന ജനകീയ ആവശ്യം ശക്തമാണ്.