വാടാനപ്പിള്ളി: രോഗിയുമായി പോയ ആംബുലൻസ് ഗതാഗതകുരുക്കിൽ കുടുങ്ങി രോഗി മരിച്ച സംഭവത്തിൽ ബസ് ജീവനക്കാരനെതിരെ കേസെടുത്തു. മണിക്കുട്ടൻ ബസിന്റെ ഡ്രൈവർ മനക്കൊടി തോട്ടപ്പിള്ളി വീട്ടിൽ സുജിലിനെതിരെ (32) തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ബസും കസ്റ്റഡിയിലെടുത്തു. ഇടശ്ശേരി കിഴക്ക് പുഴങ്കരഇല്ലത്ത് അബ്ദുൾറഹിമാന്റെ ഭാര്യ ഐഷാബിയാണ് (66) മരിച്ചത്. വീട്ടിൽ വെച്ച് മുറിച്ച ചക്കയുടെ പകുതി അയൽവീട്ടിൽ കൊടുക്കാൻ പോയ ഐഷാബിയെ പറമ്പിൽ വെച്ച് പാമ്പ് കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് ഐഷാബിയെ ആദ്യം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആക്ട്സിന്റെ ആംബുലൻസിൽ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനിടെയാണ് ഗതാഗതകുരുക്കിൽ പെട്ടത്.