ചേലക്കര: എളനാട് - ചേലക്കര റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ സമയബന്ധിതമായി നിർമ്മിക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗം എൻജിനിയർമാരുടെയും ചേലക്കര, പഴയന്നൂർ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെയും സംയുക്ത യോഗം യു.ആർ. പ്രദീപ് എം.എൽ.എ വിളിച്ചു ചേർത്തു.
12 കോടി രൂപ ഈ റോഡിന് സി.ആർ.എഫ് പദ്ധതിപ്രകാരം അനുവദിച്ച് ഭരണാനുമതി നൽകിട്ടുണ്ട്. കളപ്പാറയിൽ കൾവെർട്ട് പണിയുന്നതോടൊപ്പം പനംകുറ്റിയിലെ കൾവെർട്ട് പുതുക്കി പണിയുക, മേപ്പാടത്തെ കൾവെർട്ട് വീതി കൂട്ടുക, 3650 മീറ്റർ കാനനിർമ്മാണം എന്നീ പ്രവൃത്തികളും റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി നടക്കും.

ഇലക്ട്രിക് പോസ്റ്റ് ഷിഫ്ടിംഗ്, വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കൽ എന്നിവയുടെ ഭാഗമായി അതത് എൻജിനിയർമാരും സംയുക്തമായി സ്ഥലം പരിശോധിച്ച് കണ്ടെത്തും. കേബിൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബി.എസ്.എൻ.എൽ എൻജിനിയർമാരും സംയുക്ത പരിശോധന നടത്തുതിനും തീരുമാനമെടുത്തു. യോഗത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.