തളിക്കുളത്തെ സാധാരണ കുടുംബത്തിൽ ജനനം. വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെ തുടക്കം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കെ.പി.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം, കേരള കലാമണ്ഡലം നിർവഹണസമിതി അംഗം, പഞ്ചായത്ത് അംഗം, 2001 മുതൽ മൂന്ന് തവണകളിലായി നിയമസഭാംഗം. ഇപ്പോഴിതാ ലോക്സഭയിലേക്കുള്ള കന്നി തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലം ഇതുവരെ കണ്ടിട്ടില്ലാത്ത റെക്കാഡ് ഭൂരിപക്ഷത്തിൽ ചരിത്രവിജയം. പാർട്ടിക്കതീതമായ മുഖമാണ് ടി.എൻ. പ്രതാപന്റേത്. ടി.എൻ. പ്രതാപൻ കേരളകൗമുദിയോട് സംസാരിച്ചു.
ഒരിക്കലെങ്കിലും തോറ്റിട്ടുണ്ടോ?
ഒരിക്കൽ മാത്രം. പ്രീഡിഗ്രിക്ക് നാട്ടിക എസ്.എൻ. കോളേജിൽ പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ. പി.എൻ. പ്രതാപൻ എന്ന അപരസ്ഥാനാർത്ഥി മത്സരിക്കാനുണ്ടായതാണ് പരാജയകാരണം. വിഷമിച്ചൊന്നുമില്ല. അതിനേക്കാൾ വലിയ വിഷമം പിടിച്ച ചുറ്റുപാടിലായിരുന്നു ജീവിതം.
പാവപ്പെട്ട കുടുംബമാണ് എന്റേത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഓലക്കുടിൽ. സ്കൂളിൽ പോകാൻ സൂചിയും നൂലും കൊണ്ട് തുന്നിപ്പിടിപ്പിച്ച കീറിയ വസ്ത്രം. ഇതൊന്നും നിശ്ചയദാർഢ്യത്തെ തളർത്തിയില്ല. അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ സ്കൂൾ പാർലമെന്റ് അംഗമായുള്ള മത്സരമായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്. പത്താംക്ളാസ് വരെ മത്സരിച്ച് ജയിച്ചു. പാർട്ടിയുടെ താഴെത്തട്ടു മുതൽ പ്രവർത്തിച്ചായിരുന്നു വളർച്ച .
റെക്കാഡ് ഭൂരിപക്ഷമാണല്ലോ ?
സംസ്ഥാന ട്രെന്റ് തൃശൂരിലുമുണ്ടായി. മതനിരപേക്ഷതയുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചിരുന്ന ബഹുസ്വരതയെ അംഗീകരിക്കുന്ന ഒരു ജനവിഭാഗം ഭൂരിപക്ഷ വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും ഒരുപോലെയുണ്ടായി. വർഗീയ ഫാസിസ്റ്റിനെതിരെയും രാഷ്ട്രീയ ഫാസിസ്റ്റിനെതിരെയും അവർ ചിന്തിച്ചപ്പോൾ ജനവിധി ബി.ജെ.പിക്കും ഇടതുപക്ഷത്തിനുമെതിരായി. ചലച്ചിത്രതാരത്തെ ഇറക്കിയുള്ള അട്ടിമറി വിജയത്തിനായി ആർ.എസ്.എസും സംഘപരിവാർ ശക്തികളും ശക്തമായി പ്രവർത്തിച്ചു. മതനിരപേക്ഷതയുടെ വാശിയേറിയ പോരാട്ടമാണ് വലിയ ഭൂരിപക്ഷത്തിന് കാരണം.
തോൽവി പ്രഖ്യാപനം വേണ്ടിയിരുന്നോ ?
വിജയപ്രതീക്ഷയില്ലെന്ന് പാർട്ടി യോഗത്തിൽ ഞാൻ പറഞ്ഞെന്നത് ശരിയല്ലായിരുന്നു. പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളുന്നതിൽ സുഹൃത്തുക്കൾക്ക് പറ്റിയ തെറ്റായിരുന്നു അത്. ഇക്കാര്യം അടുത്ത ദിവസം മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. തുടക്കത്തിലുള്ള വിജയപ്രതീക്ഷ വോട്ടെടുപ്പിന് ശേഷവും ഉണ്ടായിരുന്നു. 25,000ത്തിന് മുകളിൽ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചത്. 'കംഫർട്ടബിൾ മെജോറിറ്റി" എന്ന വാക്കാണ് ഞാൻ ഉപയോഗിച്ചത്.
ഡി.സി.സി. പ്രസിഡന്റ് പദവി ഗുണം ചെയ്തോ ?
രണ്ടരവർഷം കോൺഗ്രസിന്റെ ജില്ലാ അദ്ധ്യക്ഷ പദവിയിലിരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി. നിയോജകമണ്ഡലം പുനഃസംഘടനയോടെ നാട്ടിക മണ്ഡലത്തിൽ ബന്ധങ്ങളെല്ലാം ഛിന്നഭിന്നമായപ്പോഴാണ് ഡി.സി.സി പ്രസിഡന്റായത്. അങ്ങനെ താഴെത്തട്ടിലുള്ള പ്രവർത്തകരുമായി വലിയൊരു ബന്ധമുണ്ടാക്കാനായി. ബൂത്ത് അടിസ്ഥാനത്തിൽ സംഘടനാ സംവിധാനമുണ്ടാക്കി. ബൂത്ത് ലെവലിൽ എജന്റുമാരെ തിരഞ്ഞെടുത്തു. അവർക്ക് പരിശീലനം നൽകി. അവരുമായി ഒരു ഹോട്ട് ലൈൻ ബന്ധം രൂപപ്പെടുത്താനായി. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തൃശൂർ നഗരത്തിൽ എന്റെ പേരെഴുതിക്കൊണ്ടുള്ള ചുവരെഴുത്തുണ്ടായി. ഇതൊന്നും സാമ്പത്തിക സ്രോതസ് ഉപയോഗിച്ച് ചെയ്തതല്ല. പ്രവർത്തകരുടെ ആത്മാർത്ഥതയാണത്.
ലോക്സഭാ മോഹം നേരത്തെയുണ്ടായിരുന്നോ?
എന്നെപ്പോലൊരു സാധാരണക്കാരന് പാർലമെന്റിൽ മത്സരിക്കുക എളുപ്പമല്ലെന്ന് ബോദ്ധ്യമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതിന് കാരണം നിലപാടാണ്. മൂന്നുതവണ തുടർച്ചയായി എം.എൽ.എ ആയവർ പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന് പാർട്ടിക്കുള്ളിൽ ഞാൻ വാദിച്ചിരുന്നു. അഭിപ്രായം പറയുന്നവർ മാതൃകയാകണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ സ്വയമെടുത്ത തീരുമാനമാണ് മത്സരത്തിൽ നിന്നുള്ള പിന്മാറ്റം. രാഹുൽഗാന്ധി മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോഴും നിലപാടിൽ ഉറച്ചുനിന്നു. ഡി.സി.സി പുനഃസംഘന വന്നപ്പോൾ പാർട്ടിയിലെ 60 വയസിന് താഴെയുള്ളവർക്ക് അവസരം നൽകണമെന്ന അഭിപ്രായം ഉയർന്നു. അങ്ങനെയാണ് എനിക്ക് നറുക്ക് വീണത്. പാർട്ടി പറഞ്ഞാലുടൻ ഡി.സി.സി അദ്ധ്യക്ഷ പദവി ഒഴിയാനും ഒരുക്കമാണ്.
രാഹുൽഗാന്ധിയുമായുള്ള ബന്ധം ?
എം.എൽ.എയും മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായിരിക്കുമ്പോൾ 'കടൽ കടലിന്റെ മക്കൾക്ക് " എന്ന പേരിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തത് രാഹുൽഗാന്ധിയായിരുന്നു. എന്റെ സംഘാടനം അദ്ദേഹത്തിന് ഇഷ്ടമായി. എന്റെ അമ്മ മരിച്ച് പതിനാറാം ദിവസമായിരുന്നു പരിപാടി. ഇക്കാര്യം കൂടി മനസിലാക്കിയ രാഹുൽഗാന്ധി വിളിച്ച് അഭിനന്ദിച്ചു. മടങ്ങിപ്പോകുമ്പോൾ രാഹുൽഗാന്ധി എന്നെക്കുറിച്ച് കൂടുതൽ ചോദിച്ചിരുന്നുവെന്ന് വി.എം. സുധീരൻ പറഞ്ഞിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ മനസിൽ എനിക്കൊരു സ്ഥാനമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പറഞ്ഞപ്പോൾ അദ്ദേഹത്തിന് വിഷമമുണ്ടായി. ഡൽഹിക്ക് വിളിപ്പിച്ചപ്പോൾ , എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഞാൻ പറഞ്ഞു. അതുകൂടി കേട്ടതോടെ എന്നോടുള്ള അടുപ്പം ആഴത്തിലായി.
തൊട്ടും തലോടിയുമുള്ള സ്റ്റൈൽ ?
എന്റെ മാത്രം സ്റ്റൈലാണത്. കോളേജ് പഠനകാലത്ത്പഴയ സഹപാഠികളെ കാണുമ്പോൾ അവരുടെ കൈയിൽ തല്ലും. അല്ലെങ്കിൽ തോളത്തടിക്കും. ചിലപ്പോൾ ചെവി പിടിക്കും. അതുമല്ലെങ്കിൽ കെട്ടിപ്പിടിക്കും. സ്കൂളിൽ നിന്ന് തുടങ്ങിയ ശീലം. കബഡിയിലും ഫുട്ബാളിലും ഉൾപ്പെടെ എല്ലാ കായികവിനോദങ്ങളിലും സജീവമായിരുന്നു. തൊട്ടും തലോടിയുമുള്ള ശീലം അങ്ങനെ വന്നതാവാം. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമുള്ളതല്ല ആ സ്റ്റൈൽ. ഇക്കുറി തിരഞ്ഞെടുപ്പ് കാലത്ത് അത്തരമൊരു രീതി ശ്രദ്ധേയമായെന്ന് മാത്രം. എന്നെ അറിയുന്നവർക്കറിയാം എത്രനാൾ മുമ്പേ ഈയൊരു ശൈലിയുണ്ടെന്ന്. ഒരാളെ സ്പർശിക്കുമ്പോൾ മനസിലുള്ള പോസിറ്റീവ് എനർജി പരസ്പരം ഷെയർ ചെയ്യുമെന്നാണ് എന്റെ വിശ്വാസം.
വികസന കാഴ്ചപ്പാട് ?
ചോദിക്കാനും പറയാനും ആരുമില്ലെന്ന ചില ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തി വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടും. പദ്ധതികൾ അനന്തമായി നീളാൻ കാരണം ഉദ്യോഗസ്ഥരുടെ നിലപാടാണ്. 15 വർഷം എം.എൽ.എ ആയിരുന്നപ്പോൾ മൂന്ന് മാസത്തിലൊരിക്കൽ പദ്ധതി റിവ്യൂ ചെയ്താണ് ഉദ്യോഗസ്ഥരുടെ ഇത്തരം പ്രവണതകളെ ഞാൻ മറികടന്നത്. അത്തരമൊരു രീതി എം.പി ആയാലും സ്വീകരിക്കും. കുതിരാൻ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും ആദ്യ പരിഗണന.
മഴക്കാലത്ത് കുതിരാനിൽ ഗതാഗതകുരുക്ക് കൂടുതലാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് പണി പൂർത്തീകരിച്ച ഒരു തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് സംബന്ധിച്ച് മന്ത്രിമാരുമായി ചർച്ച നടത്തും. പാലിയേക്കരയിൽ ജീവനക്കാർ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ഗുരുവായൂരിൽ ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കാനുള്ള പദ്ധതിക്ക് രൂപം നൽകും.
എം.എൽ.എ ആയിരിക്കുമ്പോൾ കൊടുങ്ങല്ലൂരിൽ നടപ്പിലാക്കിയ മുസിരീസിന് സമാനമായി തൃശൂരിൽ സാംസ്കാരിക തീർത്ഥാടനപരിസ്ഥിതി സൗഹൃദ പദ്ധതി നടപ്പിലാക്കും. ഇതിന് ഏത് പേരിടണമെന്നത് ജനങ്ങൾക്ക് തീരുമാനിക്കാം. ഇഷ്ടമുള്ള പേര് എന്നെ അറിയിക്കാം.