modi

തൃശൂർ: ചന്ദനനിറമുള്ള ഷർട്ടും ഇടതുതോളിൽ കരയുള്ള കസവു ഷാളും അണിഞ്ഞ് വെളുത്ത മുണ്ട് ഇടത്തോട്ട് ഉടുത്ത് പ്രസംഗവേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൈകൂപ്പി അഭിവാദനം ചെയ്തപ്പോൾ സദസിൽ നിലയ്ക്കാത്ത ആരവം. 'പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ' എന്ന് പ്രസംഗത്തിന്റെ തുടക്കത്തിൽ മോദി മലയാളം പറഞ്ഞപ്പോൾ ആരവം ഇരട്ടിച്ചു.

ഗുരുവായൂരിലെത്തി കണ്ണനെ തൊഴാൻ കഴിഞ്ഞതിന്റെ നിർവൃതിയും ആനന്ദവുമായിരുന്നു അദ്ദേഹം പങ്കിട്ടത്. 11.42 ന് വേദിയിലെത്തിയ മോദി 35 മിനിട്ട് നീണ്ട പ്രസംഗത്തിൽ ഗുരുവായൂരിനെയും തൃശൂരിനെയും കേരളത്തെയും അഭിനന്ദിക്കുമ്പോൾ സദസ് ഹർഷാരവം മുഴക്കി. കഴിഞ്ഞ എൻ.ഡി.എ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പറഞ്ഞപ്പോഴും കൈയടി ഉയർന്നു.

ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ ചെറിയ വേദിയിലായിരുന്നു അഭിനന്ദൻ സഭയുടെ ഉദ്ഘാടനം മോദി നർവഹിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം വൻ ജനാവലിയാണ് രാവിലെ ഏഴ് മുതൽ ഗുരുവായൂരിലെത്തിയത്. താമര ചിഹ്നമുളള സാരിയണിഞ്ഞാണ് മഹിളാമോർച്ച പ്രവർത്തകരെത്തിയത്. സ്ത്രീകൾക്കായി പ്രത്യേകം ഇരിപ്പിടം ഒരുക്കിയിരുന്നു. പ്രസംഗത്തിനിടെ സ്ത്രീകളും കുട്ടികളും എഴുന്നേറ്റുനിന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതും കാണാമായിരുന്നു. മോദിയെ അടുത്തുകാണാൻ ആഗ്രഹിച്ച വയോധികരെ സദസിന്റെ മുൻനിരയിൽ എത്തിക്കാനും പ്രവർത്തകർ ശ്രദ്ധിച്ചു.