modi

തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനം നടത്തുന്ന നാലാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇന്ദിരാഗാന്ധി, പി.വി. നരസിംഹറാവു, രാജീവ് ഗാന്ധി എന്നിവരാണ് മുമ്പ് ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രിമാർ. ഗുരുവായൂരിൽ ദർശനം കഴിഞ്ഞ് രാഷ്ട്രീയ സമ്മേളനത്തിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയുമായി മോദി. രണ്ടാംവട്ടം പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ പൊതുയോഗമായിരുന്നു ഗുരുവായൂരിലേത്.

കാൽനൂറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗുരുവായൂരിലെത്തുന്നത്. 1980 ൽ ഇന്ദിരാഗാന്ധി ഗുരുവായൂർ നടയിലെത്തിയത് തിരഞ്ഞെടുപ്പ് കാലത്തായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി 1987 ഡിസംബറിൽ ഗുരുവായൂരിലെത്തി. നാരായണീയം 400ാം വാർഷികത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹമെത്തിയത്. കദളിപ്പഴക്കുലകളും പണവും കാണിക്ക അർപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. 1994 ജനുവരിയിൽ പി.വി. നരസിംഹറാവു എത്തിയത് ഗുരുവായൂരിലെ റെയിൽ പാത രാഷ്ട്രത്തിന് സമർപ്പിക്കാനായിരുന്നു. അദ്ദേഹം കദളിപ്പഴക്കുലകളും നെയ്യും സമർപ്പിച്ചു. മൂന്ന് പ്രധാനമന്ത്രിമാർക്കൊപ്പവും ഗുരുവായൂരപ്പന്റെ ഭക്തനായ മുൻ മുഖ്യമന്ത്രി കെ. കരുണാകരനുണ്ടായിരുന്നു.

രാഷ്ട്രപതിമാരായിരുന്ന ആർ. വെങ്കട്ടരാമൻ, ശങ്കർദയാൽ ശർമ്മ, കെ.ആർ. നാരായണൻ, പ്രണബ് മുഖർജി, ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് എന്നിവരും ഗുരുവായൂരിലെത്തിയിട്ടുണ്ട്.

ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗ രണ്ടു തവണ ഗുരുവായൂരിൽ എത്തിയിട്ടുണ്ട്.

2008ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി ഗുരുവായൂരിലെത്തിയിരുന്നു. അന്ന് അദ്ദേഹം പത്രസമ്മേളനം നടത്തിയിരുന്നു. ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് എല്ലാ വി.വി.ഐ.പി.കളും താമസിച്ചത്.

മോദിക്ക് ഇന്നലെ ക്ഷേത്രദർശനം മാത്രമായിരുന്നു ആദ്യം ആസൂത്രണം ചെയ്തിരുന്നതെങ്കിലും പൊതുയോഗം സംഘടിപ്പിക്കാനുളള ആഗ്രഹം ബി.ജെ.പി സംസ്ഥാന നേതൃത്വം പെട്ടെന്ന് കേന്ദ്രനേതൃത്വത്തെ അറിയിക്കുകയായിരുന്നു. കേന്ദ്രനേതൃത്വം ഉടൻ സമ്മതം മൂളി. ജില്ലാ പ്രസിഡന്റ് എ. നാഗേഷിനെ ബുധനാഴ്ച വിവരം അറിയിച്ചയുടൻ പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. നാല് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുളള പ്രവർത്തകരും നേതാക്കളുമാണ് അഭിനന്ദൻസഭയ്‌ക്ക് എത്തിയത്. ഒരു മണിക്കൂർ സമ്മേളനത്തിൽ മോദി പത്ത് മിനിറ്റ് പ്രസംഗിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 35 മിനിറ്റ് പ്രസംഗിച്ചാണ് അദ്ദേഹം മടങ്ങിയത്. ഗുരുവായൂരിന്റെ ചെെതന്യത്തെ പ്രകീർത്തിച്ചായിരുന്നു സംസാരം. പൊതുസമ്മേളനത്തിന് 7,000 പേർക്കിരിക്കാവുന്ന കൂറ്റൻ പന്തലാണ് ഒരുക്കിയത്. ഗതാഗതത്തിനും പാർക്കിംഗിനും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.