കൊടുങ്ങല്ലൂർ: പരിസര ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരും കൊടുങ്ങല്ലൂർ ഗവ. (ബോയ്സ്) ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വൊളണ്ടിയർമാരും മുനയ്ക്കൽ ബീച്ചിൽ ഒത്തുചേർന്ന് ബീച്ചിലെ തണൽ മരങ്ങളുടെ കണക്കെടുത്തു. ഈ വർഷത്തെ പരിസര ദിന സന്ദേശം ചർച്ച ചെയ്ത്, മരങ്ങൾക്ക് നമ്പർ ഇടുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തിൽ ബീച്ചിൽ വെച്ചുപിടിപ്പിച്ചിട്ടുള്ള തണൽ മരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിക്കുന്നതും കളവ് പോകുന്നതും ശ്രദ്ധയിൽപെട്ടതോടെയാണ് ഈ കണക്കെടുപ്പ് നടന്നത്.

42 വിദ്യാർത്ഥികളും നിരവധി പരിഷത്ത് പ്രവർത്തകരും പരിപാടിയുടെ ഭാഗമായി. കണക്കുകൾ റിപ്പോർട്ട് സഹിതം ടൂറിസം ഡെസ്റ്റിനേഷൻ കമ്മിറ്റിക്കും വനംവകുപ്പിനും പഞ്ചായത്തിനും കൈമാറും. പി.എ മുഹമ്മദ് റാഫിയുടെ അദ്ധ്യക്ഷതയിൽ എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എം.ആർ. സുനിൽദത്ത് ലോക സമുദ്രദിന സന്ദേശം നൽകി. എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ ടി.എ. സൈനബ ടീച്ചർ, എ.ബി. മുഹമ്മദ് സഗീർ, എൻ.വി. ഉണ്ണി, ടി.കെ. സഞ്ജയൻ, എം.സി. സുരേന്ദ്രൻ,​ വി. മനോജ്, കെ.എസ്. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.