ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയപ്പോൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്താതിരുന്നതോടെ അദ്ദേഹത്തിന് ഉണ്ടായിരുന്ന വിലയും കുറഞ്ഞുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത അഭിനന്ദൻ സഭയിൽ പ്രസംഗിക്കുകയായിരുന്നു ശോഭ. ധാർഷ്ട്യത്തിന് കൈയും കാലും വെച്ച മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. ജാതകദോഷമേറ്റ സർക്കാരാണ് എൽ.ഡി.എഫിന്റേതെന്നും അവർ പറഞ്ഞു.
ചോർ എന്ന് വിളിച്ചവർക്ക് നരേന്ദ്രമോദിയുടെ പ്രഭാവം ഇപ്പോൾ അംഗീകരിക്കേണ്ടി വന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ 32 ലക്ഷം വോട്ട് നേടി ബി.ജെ.പി ശക്തമായ സാന്നിദ്ധ്യമായത് കോൺഗ്രസും സി.പി.എമ്മും തിരിച്ചറിയുന്നില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തി തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പ വിശ്വാസികളുടെ വോട്ടാണ് തൃശൂരിലും പത്തനംതിട്ടയിലുമെല്ലാം ബി.ജെ.പിയെ തുണച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ വൻ മുന്നേറ്റമാണ് കാഴ്ചവെയ്ക്കാനായതെന്ന് ജില്ലാ പ്രസിഡന്റ് എ.നാഗേഷ് വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പ്രധാനമന്ത്രിയെ ഷാളണിയിച്ചു. സംസ്ഥാനവക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണനും മറ്റ് നേതാക്കളും ചേർന്ന് വലിയ പുഷ്പഹാരവും അണിയിച്ചു. ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ശ്രീകൃഷ്ണവിഗ്രഹവും സമർപ്പിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ, നേതാക്കളായ എച്ച്. രാജ, ഒ. രാജഗോപാൽ എം.എൽ.എ, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, കെ.വി. ശ്രീധരൻ മാസ്റ്റർ, എ.എൻ രാധാകൃഷ്ണൻ, എം.എസ്. സമ്പൂർണ്ണ, എം.എൻ. നാരായണൻ നമ്പൂതിരി, കെ.പി. ജോർജ്, കെ.കെ. അനീഷ് കുമാർ, ടി.എസ്. ഉല്ലാസ്ബാബു തുടങ്ങിയവർ പങ്കെടുത്തു...