grvpm-darsanam
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

ഗുരുവായൂർ:ഭക്തിസാന്ദ്രമായ മഹാനിശ്ശബ്ദതയിൽ ഗുരുവായൂരപ്പനു മുന്നിൽ കൈകൂപ്പി വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി നിന്നു. മിഴികൾ പൂട്ടി അഞ്ച് മിനിട്ടോളം ധ്യാനനിരതനായി. മറ്റ് വഴിപാടുകൾക്കൊപ്പം കണ്ണന് താമരപ്പൂവിനാൽ തുലാഭാരം തൂക്കി നിറഞ്ഞ മനസോടെ മടങ്ങി.

രാവിലെ 10.20ന് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ കിഴക്കേ ഗോപുര കവാടത്തിൽ ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പൂർണകുംഭം നൽകി സ്വീകരിച്ചു. തേലമ്പറ്റ നാരായണൻ നമ്പൂതിരി വേദമന്ത്രം ചൊല്ലി. ഉരുളിയിൽ നെയ്യ്, ഒരുകുട്ട താമര, പട്ട്, കദളിക്കുല, നാക്കിലയിൽ വെണ്ണ, കാണിക്ക എന്നിവ സമർപ്പിച്ച ശേഷമാണ് മോദി പ്രാർത്ഥനാനിരതനായത്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കോയമ്പത്തൂർ ആര്യവൈദ്യശാല ചെയർമാൻ പി.ആർ. കൃഷ്ണകുമാർ വാര്യരും ഇടതും വലതും നിന്നു. മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി സോപാനപ്പടിയിൽ നിന്ന് തളികയിൽ നാക്കിലവച്ച് തിരുമുടിമാല, കളഭം, ചന്ദനം എന്നിവ പ്രസാദമായി നൽകി. ദർശനത്തിനുശേഷം പ്രദക്ഷിണംവച്ച് ഗണപതിയെയും വണങ്ങി വടക്കെനടയിലൂടെ മോദി പുറത്തുകടന്നു. തുടർന്ന് ഇടത്തരികത്തുകാവ് ഭഗവതിയെ തൊഴുതശേഷം തുലാഭാരം നടത്തി. 91 കിലോ താമര വേണ്ടിവന്നു. കിലോഗ്രാമിന് 200 രൂപ നിരക്കിൽ ഭക്തന്റെ വഴിപാടായി 111 കിലോ താമര കരുതിയിരുന്നു. 'തട്ടിൽ പണ'മായി നൂറ് രൂപ തുലാഭാരത്തിന്‌ ദേവസ്വത്തിലടച്ചു. തുലാഭാരം ജീവനക്കാർക്ക് നാനൂറ് രൂപ ദക്ഷിണ നൽകി ഉപദേവനായ അയ്യപ്പനെയും തൊഴുത് 10.40 ഓടെ ദർശനം പൂർത്തിയാക്കി.

ഭക്തർക്ക് നിയന്ത്രണം ഏ‌ർപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ട മോദി തന്റെ ദർശന സമയം 20മിനിട്ടായി ചുരുക്കി. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവിടാനായിരുന്നു മുൻ തീരുമാനം.