കൊടുങ്ങല്ലൂർ: നഗരസഭയിലെ മേത്തല വില്ലേജിൽ പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് നഗരസഭ സൗജന്യ ചികിത്സാ സൗകര്യം ഏർപ്പെടുത്തുമെന്ന് ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു. വയോമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുക. സ്വകാര്യ വ്യക്തി നടത്തുന്ന ഈ കേന്ദ്രത്തിൽ മുപ്പതോളം വയോജനങ്ങളാണുള്ളത്. ഇതിൽ 13 സ്ത്രീകളും 17 പുരുഷന്മാരുമുണ്ട്. 90 വയസിന് മുകളിലുള്ള ഒരാളും 85 വയസിന് മുകളിലുള്ള രണ്ടു പേരും രണ്ട് ഭിന്നശേഷിക്കാരും രണ്ട് പേർ കേൾവി - സംസാരശേഷി ഇല്ലാത്തവരുമാണ്. കിടപ്പു രോഗികൾ ഉൾപ്പെടെയുള്ള ഇവർക്ക് ചികിത്സ ലഭിക്കണമെങ്കിൽ വാഹനത്തിൽ കയറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ താലൂക്ക് ആശുപത്രിയിലോ എത്തിക്കണം. അതിനാൽ നഗരസഭ ഇടപെട്ട് മാസത്തിൽ രണ്ടു തവണ ഡോക്ടറുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കൽ സംഘത്തെ ഈ കേന്ദ്രത്തിൽ സൗജന്യ ചികിത്സയ്ക്കായി നിയോഗിക്കും. നഗരസഭയിലെ എല്ലാ വാർഡുകളിലും ഓരോ കേന്ദ്രത്തിൽ ഇപ്പോൾ തന്നെ മാസത്തിൽ രണ്ട് പ്രാവശ്യം വയോജനങ്ങൾക്കായി ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ ചികിത്സയും മരുന്നും നൽകുന്നുണ്ട്. ഇതിനായി വാർഷിക പദ്ധതിയിൽ പണം നീക്കിവെച്ചിട്ടുണ്ട്.