v-muraleedharan

തൃശൂർ: വലിയൊരു ധന്യനിമിഷത്തിന്റെ നിർവൃതിയിലായിരുന്നു ഇന്നലെ കേന്ദ്രമന്ത്രിയായ വി. മുരളീധരൻ. ഇഷ്ടദേവന്റെ ദർശനത്തിന് പ്രിയ നേതാവും രാജ്യത്തിന്റെ പ്രധാനമന്ത്രിയും കൂടിയായ നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയെന്നതാണ് കാരണം. മോദിയുടെ രാജ്യത്തെ ആദ്യത്തെ പൊതുപരിപാടിയും കൂടിയാണ് ഗുരുവായൂരിൽ നടന്നത്.
ബി.ജെ.പി നേതാവും വിദേശകാര്യ-പാർലമെന്ററികാര്യ സഹമന്ത്രിയുമായ വി. മുരളീധരൻ തികഞ്ഞ ഗുരുവായൂരപ്പ ഭക്തനാണ്. തലശ്ശേരിയിലെ വണ്ണത്താൻ വീട്ടിൽ ഗോപാലനും വെള്ളാംവെള്ളി ദേവകിയും ഗുരുവായൂരിൽ നേർച്ച നേർന്നുണ്ടായ സന്താനമാണ് വി.മുരളീധരൻ. മുരളീധരന്റെ ചോറൂണും ഗുരുവായൂരിൽ തന്നെയായിരുന്നു. എത്ര തിരക്കിനിടയിലും രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നായാലും ഗുരുവായൂർ കണ്ണനെ ദർശിക്കാനായി മുരളീധരൻ ഇടയ്ക്കിടെ ഓടിയെത്താറുണ്ട്. ഗുരുവായൂർ ഏകാദശി ഉൾപ്പെടെ ഗുരുവായൂരപ്പന്റെ എല്ലാ വ്രതങ്ങളും ജീവിതചര്യയുടെ ഭാഗമാക്കിയ മുരളീധരൻ തന്റെ പ്രിയ നേതാവിനൊപ്പം ഗുരുവായൂർ ദർശനം നടത്തി കണ്ണനോടുള്ള ഭക്തിയും കടപ്പാടും ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു ഇന്നലെ.
ഗുരുവായൂർ ദർശനത്തിന് ശേഷം മുരളീധരൻ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു...
കണ്ണന് നേർന്ന് അമ്മയ്ക്ക് ലഭിച്ചതാണ് ഞാൻ എന്ന് അമ്മ പറയുമായിരുന്നു. നാവിലേക്ക് ആദ്യമായെത്തിയ ചോറുരുളയും ഈ നടയിൽ നിന്ന്. എല്ലാ മാസവും മുടങ്ങാതെയുള്ള ഗുരുവായൂരപ്പനെ തൊഴൽ. ജീവിത പങ്കാളിക്ക് താലി ചാർത്തിയതും ഗുരുവായൂരപ്പന്റെ നടയിൽ. പ്രധാനമന്ത്രിക്കൊപ്പം നടയിൽ തൊഴുതിറങ്ങുമ്പോൾ മനസ് മന്ത്രിക്കുന്നു. അമ്മയുണ്ടായിരുന്നെങ്കിൽ...!