കൊടുങ്ങല്ലൂർ: ക്ഷേത്രത്തിന്റെ ശോച്യാവസ്ഥ വിലയിരുത്താൻ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ പുരാവസ്തു വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥനെത്തി. പുരാവസ്തു വകുപ്പിന്റെ അധീനതയിലായതോടെ അറ്റകുറ്റപ്പണി നിലച്ച് നാശോന്മുഖമായ ഈ മഹാക്ഷേത്രത്തിന്റെ ദു:സ്ഥിതി ബോദ്ധ്യപ്പെട്ട കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ബി. മോഹനന്റെ പ്രത്യേക താൽപര്യപ്രകാരമാണ് പുരാവസ്തുവകുപ്പ് രാജൻ എന്ന ഉദ്യോഗസ്ഥനെ ക്ഷേത്രത്തിലേക്ക് അയച്ചത്. ദേവസ്വം ബോർഡിന്റെ പൊതുമരാമത്ത് വിഭാഗം എൻജിനിയർ സുനി, ദേവസ്വം ഓഫീസർ പി.ഐ. രാജകുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സത്യധർമ്മൻ അടികൾ, സെക്രട്ടറി രഘുനാഥനുണ്ണി എന്നിവർ സന്നിഹിതരായി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലായിരുന്ന തിരുവഞ്ചിക്കുളം ക്ഷേത്രം ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ കീഴിലായതോടെ വർഷം തോറും അനിവാര്യമായ അറ്റകുറ്റപ്പണികൾ പോലും മുടങ്ങി നാശത്തിന്റെ വക്കിലായി. ആയിരം വർഷത്തോളം പഴക്കമുള്ള തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം ചേരരാജാക്കന്മാർ പണികഴിപ്പിച്ചതാണെന്നും സാക്ഷാൽ പെരുന്തച്ചനാണ് ശിൽപ്പിയെന്നുമാണ് വിശ്വാസം. അത്യപൂർവ്വമായ ശിൽപങ്ങളും കൊത്തുപണികളും മ്യൂറൽ പെയിന്റിംഗുകളും കൊണ്ട് സമ്പന്നമാണ് ക്ഷേത്രം. എന്നാൽ പല ശിൽപ്പങ്ങളും ചിത്രങ്ങളും കൊത്തുപണികളുമൊക്കെ മഴയും വെയിലും കൊണ്ട് നശിച്ചു. ക്ഷേത്രത്തിലെ ചുറ്റമ്പലവും ഉപദേവന്മാരുടെ ശ്രീകോവിലുകളും വരെ പൊട്ടിപ്പൊളിഞ്ഞു. ക്ഷേത്രവളപ്പിലെ മൂന്നു കുളങ്ങളിലും കൽപ്പടവുകൾ ഇളകിപ്പോയി, കുളപ്പുര തകർന്നുവീഴാറായ അവസ്ഥയിലാണ്. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള മാളങ്ങൾ പാമ്പുകൾ ഉൾപ്പെടെയുള്ള വിഷജന്തുക്കളുടെ ആവാസസ്ഥലമായി. കാലപ്പഴക്കത്താൽ കൊടിമരം നിലംപൊത്താവുന്ന അവസ്ഥയിലാണ്. കിഴക്കുഭാഗത്ത് ഗോപുരങ്ങളും കെട്ടിടവും നാശത്തിന്റെ വക്കിലാണ്. ഇതേക്കുറിച്ചെല്ലാമുള്ള ആക്ഷേപങ്ങൾ ശക്തമാകുമ്പോഴൊക്കെ ആർക്കിയോളജിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഓഫീസർമാർ വന്നു നോക്കി പോകുമെന്നല്ലാതെ കാര്യമായി ഒന്നും സംഭവിക്കുന്നില്ലെന്നും മുസ്‌രിസ് പദ്ധതിയിൽ പെട്ടിട്ടും പ്രയോജനമില്ലെന്നും ചൂണ്ടിക്കാട്ടി ദേവസ്വം ഓഫീസറും ക്ഷേത്രോപദേശക സമിതിയും പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ..