modi-

ഗുരുവായൂർ:കേരളം തനിക്ക് വാരാണസി പോലെ പ്രിയപ്പെട്ടതാണെന്നും തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാനും തോൽപ്പിക്കാനും ശ്രമിച്ചവരെ ഒരുപോലെ ഉൾക്കൊള്ളുന്ന സംസ്‌കാരമാണ് എൻ.ഡി.എ സർക്കാരിന്റേതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇന്നലെ ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷം, മമ്മിയൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂളിൽ 'അഭിനന്ദൻ സഭ' എന്ന പേരിൽ ബി. ജെ. പി സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. രണ്ടാമതും അധികാരമേറ്റ ശേഷം മോദി പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടിയായിരുന്നു ഇത്.

ഗുരുവായൂരിന്റെ മാഹാത്മ്യം പ്രകീർത്തിച്ച 35 മിനിട്ട് നീണ്ട പ്രസംഗത്തിൽ പാർട്ടിയുടെ നിലപാടും വികസന കാഴ്ചപ്പാടും കേരള സർക്കാരിനെതിരെയുള്ള വിമർശനവും കടന്നുവന്നു.

ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ പോലും കഴിയാത്ത കേരളത്തിൽ എന്തിനാണ് വന്ന് നന്ദി പറയുന്നതെന്ന് ചിലർക്ക് സംശയമുണ്ടാകും. തിരഞ്ഞെടുപ്പിന് മുമ്പ് പല ആശയപ്രചാരണങ്ങളും വാഗ്വാദങ്ങളും ഉണ്ടാകും. അത് കഴിഞ്ഞാൽ കോടാനുകോടി ജനങ്ങളുടെ നന്മയും ക്ഷേമവും ഉറപ്പാക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.

വിജയമാണെങ്കിലും പരാജയമാണെങ്കിലും കൂടുതൽ ഉത്സാഹത്തോടെ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ പ്രവർത്തകർ. ബി. ജെ. പി പ്രവർത്തകർ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരല്ല. വർഷത്തിൽ 365 ദിവസവും നാടിനായി പ്രവർത്തിക്കുന്നവരാണ്. ജനങ്ങളെ സേവിക്കുന്നത് ഈശ്വര ആരാധനയായി കാണുന്നവരാണ്. സർക്കാർ രൂപീകരണം മാത്രമല്ല, രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയാണ് ലക്ഷ്യം. അഞ്ച് വർഷത്തേക്ക് മാത്രമാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. ജീവിതാവസാനം വരെ സേവനത്തിന് നിയോഗിക്കപ്പെട്ടവരാണ് നമ്മുടെ പ്രവർത്തകർ.

ഭൂമിയിലെ വൈകുണ്ഠം അല്ലെങ്കിൽ ഭൂമിയിലെ സ്വർഗമായ ഗുരുവായൂരിൽ വരാൻ സാധിച്ചത് അങ്ങേയറ്റം അനുഭൂതി നൽകുന്നു. ഗുരുവായൂരപ്പന്റെ പവിത്ര ഭൂമിയിൽ ഭഗവാന് പൂജ ചെയ്യാനും സാധിച്ചു. ഗുരുവായൂരായാലും ഉഡുപ്പിയായാലും ദ്വാരകയായാലും കൃഷ്ണനിൽ അടിയുറച്ച വിശ്വാസമുണ്ട്. ഭഗവാൻ കൃഷ്ണൻ ജനിച്ച സ്ഥലത്ത് നിന്ന് ഇവിടെയെത്തുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്.

തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ഗുരുവായൂരപ്പന്റെ മണ്ണിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. വാരാണസി പോലെ തന്നെ എനിക്ക് പ്രിയപ്പെട്ടതാണ് കേരളം - മോദി പറഞ്ഞു.