ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ വികസനത്തിന് 450 കോടിയുടെ പദ്ധതി പ്രധാനമന്ത്രിക്ക് മുന്നിൽ സമർപ്പിച്ച് ഗുരുവായൂർ ദേവസ്വം ഭരണ സമിതി. ഗുരുവായൂർ പൈതൃക പദ്ധതിക്ക് നൂറു കോടി, ഗോശാല നവീകരണത്തിന് 300 കോടി, ആനക്കോട്ട നവീകരണത്തിന് അമ്പത് കോടി എന്നിങ്ങനെയും ഗുരുവായൂർ റെയിൽ വികസനവും ഉൾപ്പെടുത്തി വികസനം സാദ്ധ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനമാണ് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന്റെ നേതൃത്വത്തിൽ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വച്ച് പ്രധാനമന്ത്രിക്ക് സമർപ്പിച്ചത്.
ദേവസ്വം നൽകിയ നിവേദനം പഠിച്ച് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. പത്ത് മിനിറ്റ് നേരം ദേവസ്വം സമർപ്പിച്ച പദ്ധതിയുമായി ബന്ധപ്പെട്ട് അദ്ദേഹം ചർച്ച നടത്തി. പദ്ധതിയിൽ സംശയമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി പ്രൈവറ്റ് സെക്രട്ടറി കൈലാസ് നാഥുമായി ചോദിച്ച് മനസിലാക്കി. ക്ഷേത്രം തന്ത്രിയും സാമൂതിരി രാജയും ഒഴിച്ച് ബാക്കി എല്ലാ ഭരണ സമിതി അംഗങ്ങളും പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു. ശ്രീകൃഷ്ണൻ പാഞ്ചജന്യം മുഴക്കുന്ന ദാരുശിൽപ്പവും രാധ-കൃഷ്ണന്റെയും മഞ്ചാടി കണ്ണന്റെയും ചുമർ ചിത്രങ്ങളും ദേവസ്വം ഭരണ സമിതി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
ചർച്ചയിൽ മന്ത്രിയില്ല
ദേവസ്വം നൽകിയ നിവേദനവുമായി ബന്ധപ്പെട്ട ചർച്ചയിൽ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പങ്കെടുത്തില്ല. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ മന്ത്രി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ഉൾപ്പെടുത്താതെ ദേവസ്വം ഭരണസമിതി അംഗങ്ങളും ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ശിശിരും ആണ് പങ്കെടുത്തത്.
പൈതൃക പദ്ധതി
പൈതൃക പദ്ധതി പ്രകാരം ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തിയ ബൃഹസ്പതിയെയും വായുദേവനെയും അനുസ്മരിച്ച് ലോകോത്തര ശ്രദ്ധയാകർഷിക്കുന്ന ശിൽപ്പം ക്ഷേത്രനഗരിയിൽ സ്ഥാപിക്കുക, ക്ഷേത്രപൈതൃകം സംരക്ഷിക്കുന്നതിനായി അകത്തും പുറത്തും കരിങ്കൽ വിരിക്കൽ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഗോശാല നവീകരണം
ക്ഷേത്രത്തിന് കീഴിലുള്ള ഗോശാലകളുടെ നവീകരണത്തിന് 300 കോടിയുടെ പദ്ധതിയാണ് സമർപ്പിച്ചത്. ഗുരുവായൂർ ആനക്കോട്ടയ്ക്ക് സമീപം കാവീട് പ്രവർത്തിക്കുന്ന ഗോശാലയുടെയും മലപ്പുറം ജില്ലയിലെ വേങ്ങാട് ഗോകുലത്തിന്റെയും നവീകരണത്തിനാണ് പദ്ധതി തയ്യാറാക്കിയത്.
ആനക്കോട്ട
ആയിരങ്ങൾ ദിവസവും സന്ദർശനം നടത്തുന്ന ആനക്കോട്ടയുടെയും ഉള്ളിലുള്ള കൊട്ടാരത്തിന്റെയും നവീകരണത്തിന് അമ്പത് കോടിയുടെ വികസന പ്രവർത്തനം നടത്തുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്.
റെയിൽവേ വികസനം
ഗുരുവായൂർ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ലിങ്ക് ലൈനാക്കി താനൂരിലേക്കോ, തിരുന്നാവായിലേക്കോ നീട്ടുക, ഒറ്റവരി എന്നത് രണ്ട് വരിയാക്കുക, തൃശൂരിൽ നിന്ന് മെമു സർവീസ് ആരംഭിക്കുക, ഇപ്പോൾ രണ്ട് പ്ലാറ്റ് ഫോം ഉള്ളത് ആറ് പ്ലാറ്റ്ഫോമാക്കി ഉയർത്തുക, റെയിൽവേ സ്‌റ്റേഷൻ തഞ്ചാവൂർ മോഡൽ ക്ഷേത്രനഗരിക്ക് അനുസൃതമായി പരിവർത്തനം നടത്തുക, ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വാരണാസി, മൂകാംബിക, പഴനി, രാമേശ്വരം, തിരുപ്പതി, കാശി എന്നിവിടങ്ങളിലേക്ക് ട്രെയിൻ സർവീസുകൾ ആരംഭിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
പ്രതീക്ഷയുണ്ട്
ദേവസ്വം നൽകിയ നിവേദനത്തോട് അനുഭാവ പൂർണ്ണമായ മറുപടിയാണ് ലഭിച്ചത്. പൈതൃകം പദ്ധതിയോടാണ് അദ്ദേഹം കൂടുതൽ താത്പര്യം കാട്ടിയത്. വിശദമായ പദ്ധതി പിന്നീട് സമർപ്പിക്കും. പത്ത് മിനിറ്റ് നേരം അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെന്നത് വലിയ കാര്യമാണ്..
( അഡ്വ. കെ.ബി. മോഹൻദാസ്, ഗുരുവായൂർ ദേവസ്വം ഭരണ സമിതി ചെയർമാൻ)..