ചാലക്കുടി: ഇവർ ഇപ്പോഴും ശത്രുപക്ഷത്ത്, എന്നാൽ സംരക്ഷണം ഉറപ്പു വരുത്തി കാക്കിധാരികളും. വവ്വാലുകളുടെ കാര്യമാണിത്. നിപയുടെ കടന്നുവരവോടെ ഇക്കുറിയും വവ്വാലുകൾ ജനങ്ങൾക്ക് വെറുക്കപ്പെട്ട ജീവിയായി മാറി. ഇവ കടിച്ച പഴവർഗ്ഗങ്ങൾ ഭക്ഷിക്കരുതെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പാണ് വീണ്ടും ആളുകളെ അങ്കലാപ്പിലാക്കിയത്. എന്നാൽ ഇവയെ തുരത്താനും മാർഗ്ഗമില്ല. ഇതിനിടെയാണ് വവ്വാലുകൾ രാപാർക്കുന്ന ഇടങ്ങൾ തേടി വനപാലകരെത്തുന്നത്. ഈയിടെയായി ഇവയുടെ ആവാസ വ്യവസ്ഥയിൽ വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് നിരീക്ഷണമാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ഇവയുടെ സ്വൈര വിഹാരത്തിന് ഭംഗം വരുന്നുണ്ടോ എന്ന അന്വേഷണവും ഇതോടൊപ്പമുണ്ട്.
വവ്വാലുകൾ തമ്പടിച്ചിരിക്കുന്ന ചാലക്കുടി നഗരത്തിന് തൊട്ടടുത്ത് കൂടപ്പുഴയിലെ വീട്ടുപറമ്പിൽ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ആരെങ്കിലും ഇവയെ ഉപദ്രവിക്കുന്നുണ്ടോ എന്ന് ചോദിച്ചറിഞ്ഞു. ഇത്തരത്തിൽ എന്തെങ്കിലും നീക്കങ്ങൾ നടന്നാൽ വിവരം നൽകണമെന്ന് ഇവർ നിർദ്ദേശിക്കുകയും ചെയ്തു. പ്രവർത്തനം നിലച്ച കൊരട്ടിയിലെ മദുരാ കോട്‌സ് കമ്പനി വളപ്പ് വർഷങ്ങളായി ആയിരക്കണക്കിന് വവ്വാലുകളുടെ ആവാസ കേന്ദ്രമാണ്. വലിയയിനം വവ്വാലുകൾ ഇവിടെ ചേക്കേറുമ്പോൾ ഭാവിയിൽ ഇത്തരമൊരു അങ്കലാപ്പിൽ കുടുങ്ങുമെന്ന് നാട്ടുകാർ നിനച്ചിരുന്നില്ല. നേരം ഇരുട്ടിയാൽപ്പിന്നെ അനേകം മൈലുകൾ ദൂരത്തേക്ക് ഇവയുടെ സഞ്ചാരം തുടങ്ങുകയായി. അടുത്തകാലത്തൊന്നും നാട്ടുകാർ നേരാംവണ്ണം വീട്ടുപറമ്പിലെ പഴവർഗ്ഗങ്ങൾ കഴിച്ചിട്ടില്ല. ആശയുണ്ടെങ്കിലും ആർത്തിരമ്പിയെത്തുന്ന വവ്വാലുകൾ ഇതിന് സമ്മതിക്കാറില്ല. ഏതു പഴങ്ങളായാലും ചപ്പിവലിച്ചതിന് ശേഷമാണ് വീട്ടുകാർക്ക് കിട്ടുന്നത്. പറമ്പുകളിൽ മാത്രമല്ല, വീടിന്റെ ചുവരുകളും ഇവ വൃത്തിഹീനമാക്കും. ഇവിടെയെല്ലാം കാഷ്‌ഠങ്ങളാൽ നിറഞ്ഞു കിടക്കുന്നു. അർദ്ധരാത്രിയിലും ഉറക്കം നഷ്ടപ്പെടുത്തുന്ന ശബ്ദകോലാഹലങ്ങളുമാണ്. വവ്വാൽക്കൂട്ടം കീഴടക്കിയ സ്ഥലങ്ങൾ പടിഞ്ഞാറെ ചാലക്കുടി അമ്പലനട, വെസ്റ്റ് കൊരട്ടി, പരിയാരം എന്നിവയും ഉൾപ്പെടും.