ചാലക്കുടി: നിപ ഭീതി പഴങ്ങളുടെ വിൽപ്പനയെ ബാധിച്ചു. രണ്ടാഴ്ച മുമ്പുവരെ തിമിർത്ത പഴക്കച്ചവടമാണ് കുത്തനെ താഴേക്ക് വന്നത്. ഇക്കുറി വ്യാപകമായാണ് മാമ്പഴങ്ങൾ വിറ്റഴിഞ്ഞത്. പ്രിയൂർ മാങ്ങയായിരുന്നു മുൻപന്തിയിൽ. പിന്നാലെ പനനങ്കും വിപണി പിടിച്ചടക്കി. തുടർന്നുവന്ന റമ്പൂട്ടാനും വിൽപ്പനക്കാരുടെ കീശ നിറക്കുന്നതിനിടയാണ് നിപ എന്ന ഭീകരന്റെ ഭീതിതമായ വരവ്. ഇതോടെ റമ്പൂട്ടാന്റെ കഷ്ടകാലവും തുടങ്ങി. മരങ്ങളിൽ അവശേഷിക്കുന്ന റമ്പൂട്ടാൻ പറിച്ചെടുക്കാൻ ആളില്ലാതെയായി. എല്ലാം അണ്ണാനും പക്ഷികൾക്കുമായി മാറ്റി വയ്ക്കപ്പെട്ടു. ഞാവൽപ്പഴത്തിനും ശനിദശയിൽപ്പെട്ടു. വവ്വാലുകളുടെ ഇഷ്ടഭോജനമായ ഞാവൽപ്പഴങ്ങൾ തെരുവോരങ്ങളിൽ വിൽപ്പന തുടങ്ങിയതേയുള്ളു. എല്ലാമിപ്പോൾ അവതാളത്തിലായി. സംസ്ഥാനത്ത് നിപ ഭീതിയൊഴിഞ്ഞെങ്കിലും വവ്വാലുകൾ ആകർഷിക്കപ്പെടുന്ന ഇവ വാങ്ങാൻ ജനങ്ങൾ മടിക്കുകയാണ്. മാങ്കോസ്റ്റിൻ കർഷകരുടെ അവസ്ഥയാണ് ഏറ്റവും ശോചനീയം. ഈ സീസണിലെ വിൽപ്പന തുടങ്ങിയപ്പോൾത്തന്നെ തിരിച്ചടികിട്ടി. നിപ താണ്ഡവമാടിയ കഴിഞ്ഞ വർഷവും മാങ്കോസ്റ്റിൻ കർഷകർക്ക് വലിയ പ്രതിസന്ധിയാണ് നേരിട്ടത്.