ഗുരുവായൂർ : പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇന്നലെ ഗുരുവായൂർ ക്ഷേത്രം സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. നരേന്ദ്രമോദി വന്നിറങ്ങിയ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ സ്വീകരിക്കാൻ ബി.ജെ.പി നേതാക്കൾ ഉണ്ടായിരുന്നെങ്കിലും ദർശന സമയത്ത് ആരെയും അദ്ദേഹത്തോടൊപ്പം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചില്ല.
അദ്ദേഹത്തെ ക്ഷേത്രഗോപുരത്തിനടുത്ത് സ്വീകരിക്കാൻ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ഒ. രാജഗോപാൽ എം.എൽ.എ, അഖിലേന്ത്യ സെക്രട്ടറി എച്ച്. രാജ, മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, സംസ്ഥാന സംഘടന സെക്രട്ടറി എം.ഗണേശൻ, വക്താവ് ബി.ഗോപാലകൃഷ്ണൻ എന്നിവർ സ്വീകരിക്കാൻ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയിൽ വി. മുരളീധരൻ മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ച ബി.ജെ.പി നേതാവ്. ഇതിനിടെ ക്ഷേത്ര നടയിലെത്തിയ സുരേഷ് ഗോപി എംപിയെയും എസ്.പി.ജി തടഞ്ഞു. തിരിച്ചറിയൽ കാർഡ് കാണിച്ച ശേഷമാണ് കടത്തിവിട്ടത്.
ക്ഷേത്രത്തിനകത്ത് നാലമ്പലത്തിലേക്ക് ദർശനത്തിനായി പ്രവേശിച്ച പ്രധാനമന്ത്രിയെ അനുഗമിക്കുന്നതിന് ദേവസ്വം ഭരണസമിതി അംഗങ്ങൾക്കും അനുമതി നൽകിയിരുന്നില്ല. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ, ദേവസ്വം കമ്മിഷണർ പി. വേണുഗോപാൽ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. ശങ്കുണ്ണി രാജ് എന്നിവർക്ക് മാത്രമാണ് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ക്ഷേത്രത്തിനകത്ത് മേൽശാന്തിക്ക് പുറമേ ഓതിക്കൻ പഴയം അഷ്ടമൂർത്തി നമ്പൂതിരി, ക്ഷേത്രത്തിലെ സെക്യൂരിറ്റി ഓഫീസർമാരായ എ. ആനന്ദൻ, കെ.ജി. രത്‌നാകരൻ, കെ.പി. മോഹനൻ, കെ. ജഗദീഷ്, കോയ്മമാരായ വി.എസ്. രാമകൃഷ്ണൻ, പി.വി. സുധീഷ്, കഴകക്കാരനായ ചൊവ്വല്ലൂർ നാരായണൻ എന്നിവർ മാത്രമാണ് ഉണ്ടായിരുന്നത്.
പൂർണ്ണകുംഭത്തിനും നിയന്ത്രണം
പ്രധാനമന്ത്രിക്ക് പൂർണ്ണകുംഭം നൽകി സ്വീകരിക്കുന്നതിലും എസ്.പി.ജിയുടെ നിയന്ത്രണമുണ്ടായി. സ്വർണ്ണക്കുടത്തിൽ തീർത്ഥം നിറച്ച് അതിന് മുകളിൽ നാളികേരവും മാവിന്റെ ഇലയും വെച്ച് അലങ്കരിച്ചാണ് പൂർണ്ണകുംഭം ഒരുക്കുക. എന്നാൽ സ്വർണ്ണക്കുടത്തിൽ തീർത്ഥം നിറയ്ക്കുന്നതിനും എസ്.പി.ജി വിലക്ക് ഏർപ്പെടുത്തി. ഇതേത്തുടർന്ന് കാലിക്കുടത്തിന് മുകളിൽ നാളികേരവും മാവിലയും വെച്ചാണ് പൂർണ്ണകുംഭം ഒരുക്കിയത്...