kda-manthitta

മറ്റത്തൂർ ഗവ.എൽ.പി സ്‌കൂളിന് സമീപം റോഡിലേക്ക് തള്ളിനിൽക്കുന്ന മൺതിട്ട.

കൊടകര: മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ച കൊടകര വെള്ളിക്കുളങ്ങര റൂട്ടിൽ അപകടക്കെണിയായി അവിട്ടപ്പിള്ളിയിലെ മറ്റത്തൂർ ഗവ. എൽ.പി സ്‌കൂളിന് മുൻവശത്തെ മൺതിട്ട. സ്‌കൂളിന് മുൻവശത്തായി അപകടഭീഷണി ഉയർത്തി നിന്നിരുന്ന വലിയ മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും മൺതിട്ട ഇനിയും നീക്കം ചെയ്തിട്ടില്ല. ഇത് തിരക്കേറിയ റോഡിൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടക്കെണിയാണ്.

രണ്ട് മീറ്ററിലധികം റോഡിലേക്ക് തള്ളിനിൽക്കുന്ന മൺതിട്ട രാത്രികാലങ്ങളിൽ അപകടത്തിന് ഇടയാക്കുന്നു. കൊടകര വെള്ളിക്കുളങ്ങര റോഡിൽ മെക്കാഡം ടാറിംഗ് നടത്തിയെങ്കിലും പലയിടത്തും വീതി കുറവായതും വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. സ്‌കൂളിന് സമീപത്തെ വീതികുറഞ്ഞ റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഭീഷണിയാണ്.

കാൽനടയാത്രയ്ക്ക് വീതിയില്ലാത്ത ഇവിടെ അപകട സൂചനയായി ഒരു റിഫ്‌ളക്ടർ ബോർഡ് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. സ്‌കൂൾ മതിൽ വിട്ട് രണ്ട് മീറ്ററോളം തള്ളിനിൽക്കുന്ന മൺതിട്ട മാറ്റിയാൽ കാൽനടക്കാർക്കും ഇതിലൂടെ സുഗമമായി സഞ്ചരിക്കാനാകും. ഇടക്കിടെ വാഹനാപകടങ്ങൾ ഉണ്ടാകുന്ന ഈ പ്രദേശത്തെ മൺതിട്ടകൾ മാറ്റി നടപ്പാത സൗകര്യം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.