തൃശൂർ: പാസൊന്നുമില്ല. എനിക്ക് പ്രധാനമന്ത്രിയെ കാണണം. വീൽച്ചെയറിൽ ഉപ്പയ്ക്കൊപ്പം എത്തിയ ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസീമിന്റെ ദയാവായ്‌പ്പോടെയുള്ള അഭ്യർത്ഥന കേട്ട പൊലീസുകാരൻ മറുത്തൊന്നും പറഞ്ഞില്ല. ബി.ജെ.പി നേതാക്കളും ആസിമിനൊപ്പം ചേർന്നു. സദസിന്റെ മുൻനിരയിൽ നേതാക്കൾ ഉപ്പയ്‌ക്കൊപ്പം അവനെയും ഇരുത്തി. പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യവുമായി സമരപാതയിലുള്ള ആസിമിനെ തിരിച്ചറിയാത്തവർ ഇന്ന് ചുരുക്കം. ഇതുവരെ പഠനം നടത്തിയ ഓമശ്ശേരി വെളിമണ്ണ സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തണമെന്ന ആവശ്യവുമായി അസിം മുട്ടാത്ത വാതിലുകളില്ല. കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടിട്ടും സംസ്ഥാന സർക്കാർ പഠന സൗകര്യമൊരുക്കിയില്ലെന്ന കാര്യം പ്രധാനമന്ത്രിയെ അറിയിക്കുന്നതോടൊപ്പം നേരിട്ടു കാണുകയായിരുന്നു ആസിമിന്റെ ലക്ഷ്യം.
മുൻകൂട്ടി അനുമതിയില്ലാത്തതിനാൽ നേരിട്ടു കാണാനായില്ല. പ്രധാനമന്ത്രി വേദിയിലെത്തിയപ്പോൾ വി.ഐ.പി. ഗാലറിയിൽ ആസിമിനൊപ്പം ഇരുന്ന ഉപ്പ ഓമശേരി വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് സെയ്ദ് ഹോണറബിൾ പി.എം. പ്‌ളീസ് ഹെൽപ്പ് മീ എന്നെഴുതിയ പ്‌ളക്കാർഡ് ഉയർത്തിയത് ഗുണകരമായി. വേദിയിലിരുന്ന ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഇക്കാര്യം കേന്ദ്രമന്ത്രി മുരളീധരന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അസിമിന് പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് മുരളീധരൻ ഉറപ്പും നൽകി. നാഗേഷിൽ നിന്ന് ഇക്കാര്യം അറിഞ്ഞ അസിമും കുടുംബവും സന്തോഷത്തോടെയായിരുന്നു മടങ്ങിയത്. ബസിലെത്തിയ ആസിമിന് തിരിച്ചുപോകാൻ ബി.ജെ.പി ജില്ലാ നേതൃത്വം വാഹനസൗകര്യവും ഒരുക്കി.
മുഹമ്മദ് സെയ്ദ് ജഷീന ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാളായ ആസിമിന് ജന്മനാ ഇരുകൈകളും ഒരു കാലിന് ശേഷിക്കുറവും ഉള്ളതിനാൽ ദൈനം ദിന കാര്യങ്ങൾ ചെയ്യാൻ പോലും പ്രയാസമായിരുന്നു. എങ്കിലും വീട്ടിനടുത്തുള്ള ഓമശ്ശേരി വെളിമണ്ണ എൽ.പി സ്‌കൂളിൽ വീട്ടുകാർ ഒന്നാം ക്ളാസിൽ ചേർത്തു. വീട്ടുകാരെയും അദ്ധ്യാപകരെയും അമ്പരപ്പിച്ച് നാലാം ക്‌ളാസ് വരെ മിടുക്കനായി പഠിച്ചു. അതേ സ്കൂളിൽ തുടർ പഠനം നടത്താൻ സ്കൂൾ യു.പിയായി അപ്‌ഗ്രേഡ് ചെയ്തത് ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആസിം നൽകിയ നിവേദനത്തെ തുടർന്നായിരുന്നു. ഏഴാം ക്‌ളാസ് കഴിഞ്ഞപ്പോഴാണ് സ്‌കൂൾ ഹൈസ്കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യവുമായി ആസിം സമരരംഗത്തേക്കിറങ്ങിയത്.