തൃശൂർ: എല്ലാ കുട്ടികളും നീന്തൽ പഠിച്ചിരിക്കണമെന്നും അക്കാര്യത്തിൽ രക്ഷിതാക്കൾ വിമുഖത കാണിക്കരുതെന്നും മുഖ്യമന്ത്രി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വിദ്യാർത്ഥികൾക്കായി നീന്തൽക്കുളം നിർമ്മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിലെ ഈ പ്രഖ്യാപനങ്ങൾ കേട്ട് ഏറ്രവുമധികം സന്തോഷിച്ചത് ജോസ് കോനിക്കരയെന്ന തൃശൂർക്കാരനായിരിക്കും.
'നീന്താൻ പഠിപ്പിക്കലല്ല, വെള്ളത്തിലെ 'ജലപ്പിശാചി'നെ ഓടിക്കലാണ് മ്മടെ പണി... പിശാച് എന്നാൽ പേടി, വേറെ ഒന്ന്വല്ല.' ആയിരക്കണക്കിന് കുട്ടികളെ പഞ്ചായത്തിന്റെ കുളത്തിലും സ്വന്തം പറമ്പിലെ സ്വിമ്മിംഗ് പൂളുകളിലുമായി സൗജന്യമായി നീന്താൻ പഠിപ്പിച്ച 74 വയസുകാരൻ കോനിക്കര ജോസിന്റെ ഡയലോഗിന്, പൂളിൽ നീന്തിത്തുടിക്കുന്ന അമ്പതോളം കുട്ടികൾ സാക്ഷ്യം.
തോളൂർ പോന്നാേർ കോളനിപ്പടിയിൽ രണ്ട് സ്വിമ്മിംഗ് പൂളാണ് പത്തു വർഷം മുമ്പ് ജോസ് പണിതത്. ഏഴേക്കർ പറമ്പിൽ കരിങ്കല്ല് കെട്ടിയുറപ്പിച്ച വലിയ കുളത്തിൽ കടുത്ത വേനലിലും വെള്ളം സമൃദ്ധം. ഇതിലെ വെള്ളമാണ് രണ്ട് പൂളിലും നിറയ്ക്കുന്നത്. 50 അടി നീളവും 40 അടി വീതിയും എട്ടടി ആഴവുമുള്ള സിന്തറ്റിക് പൂൾ സീനിയേഴ്സിന്. 30 അടി നീളവും പത്തടി വീതിയും നാലടി താഴ്ചയുമുള്ള മറ്റൊന്ന് ജൂനിയേഴ്സിന്. പേരാമംഗലത്തെ വീട്ടിൽ നിന്ന് സഹായികളുമായി ജോസ് കുളത്തിനടുത്തെത്തുമ്പോഴേക്കും പഠിതാക്കൾ വരിയായി നിൽക്കുന്നുണ്ടാകും.
കഴിഞ്ഞദിവസം പൂളിലെത്തിയ ഒരു വയസുകാരി ദ്യുതിയാണ് ശിഷ്യഗണത്തിലെ ഇളമുറക്കാരി. അവളെ പൂളിൽ ഇറക്കി പേടി മാറ്റി. എഴുപത് വയസുകാരിയും ഒരിക്കൽ നീന്തൽ പഠിക്കാനെത്തി. പഠിതാക്കളിൽ അദ്ധ്യാപകരുമുണ്ട്. ഉദ്യോഗസ്ഥരും തൊഴിലാളികളും അടക്കം ദിവസം ശരാശരി അമ്പതിലേറെപ്പേരെത്തും. ഇവരിൽ പകുതിയും പഠിതാക്കളാണ്. ആഴ്ചയിൽ ഒരു ദിവസം എല്ലാവരും കുളം വൃത്തിയാക്കി തെങ്ങുകളും മാവുകളുമുള്ള തോട്ടത്തിലേക്ക് വെള്ളം തിരിച്ചുവിടും. ടൈംടേബിൾ സാധാരണ ദിവസങ്ങളിൽ രാവിലെ ആറു മുതൽ ഏഴര വരെ ഞായറാഴ്ചകളിൽ രാവിലെ എട്ടര മുതൽ പത്തുവരെ. ആദ്യം ഈശ്വരപ്രാർത്ഥന. പിന്നെ, നീന്തൽ പഠിച്ചവരെല്ലാം വെള്ളത്തിൽച്ചാടും. പഠിതാക്കളെ മൂന്ന് തവണ വെള്ളത്തിൽ മുക്കും. ഒടുവിൽ, റബർ ട്യൂബിൽ കിടത്തി നീന്തിപ്പഠിപ്പിക്കും.
രോഗങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായി ഇരിക്കുന്നതിന്റെ രഹസ്യം ചോദിച്ചാൽ ജോസ് നീന്തൽക്കുളത്തിലേക്ക് വിരൽചൂണ്ടും. നീന്തലിനെപ്പോലെ മറ്റൊരു വ്യായാമമുണ്ടോ എന്ന് തിരിച്ച് ചോദിക്കും. ചെറുപ്പത്തിൽ നാടുവിട്ട് വിദേശത്ത് എത്തിയ ജോസ്, പിന്നീട് നാട്ടിലെത്തി റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങി. നീന്തലിനോടുള്ള ഇഷ്ടം കൊണ്ട് തെങ്ങിൻതോപ്പ് വാങ്ങി കുളം പണിതു. ഭാര്യ വീട്ടമ്മയാണ്, രണ്ട് ആൺമക്കൾ വിദേശത്തും.