തൃശൂർ: വികലാംഗക്ഷേമ സംഘടനയുടെ ഏഴാം സംസ്ഥാന സമ്മേളനവും സമൂഹവിവാഹവും മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായ വിതരണം മേയർ അജിത വിജയൻ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ തൃശൂർ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എ.എം. മുകേഷ് ലാൽ വിതരണം ചെയ്തു.
സിനിമാ സീരിയൽ താരം ശ്രീകാന്ത്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സംഘടനാ സംസ്ഥാന പ്രസിഡന്റ് ഡോ. ത്രേസ്യ ഡയസ് അദ്ധ്യക്ഷയായി. ഫാ. ഷാജു എടമന, ഡോ. ടി.വി. സതീശൻ, സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി കാദർ നാട്ടിക, ടി.പി. വിനോദ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു. ഭിന്നശേഷിക്കാരായ 10 വധുവരന്മാരാണ് സമൂഹവിവാഹത്തോടെ ഒന്നായത്.