ചാലക്കുടി: ദേശീയപാതയിലെ നിർമ്മാണം നടക്കുന്ന അടിപ്പാതയുടെ കോൺക്രീറ്റിംഗ് ഇന്നു മുതൽ ആരംഭിക്കും. കനത്ത മഴയാണെങ്കിൽ കോൺക്രീറ്റിംഗ് ദിവസങ്ങളിൽ മാറ്റം വരും. എറണാകുളം ആസ്ഥാനമായുള്ള യൂണിക് ആൻഡ് ഭാരതീയ കമ്പനിക്കാണ് നിർമ്മാണ ചുമതല.

2018 മാർച്ച് 19ന് കെ.എം.സി കമ്പനിയുടെ കീഴിലെ ജി.ഐ.എസ് എന്ന സ്ഥാപനമാണ് അടിപ്പാത നിർമ്മാണത്തിന് ആദ്യമായി തുടക്കമിട്ടത്. ഇവർ ഉപകരാർ കൊടുത്ത മറ്റൊരു ഏജൻസി സാമ്പത്തിക പ്രശ്‌നം ചൂണ്ടിക്കാട്ടി നിർമ്മാണത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിച്ചു. ഇതിനിടെ കാലവർഷവും പ്രളയവും ബാധിച്ച് അടിപ്പാത നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് ഗർത്തമായി. ഇതോടെ വീണ്ടും വിവാദമായപ്പോഴാണ് എൻ.എച്ച്.ഐ ഇപ്പോഴത്തെ കരാർ കമ്പനിയെ പ്രവർത്തികൾ ഏൽപ്പിച്ചത്. 250 ദിവസത്തിനകം മുരിങ്ങൂർ മാതൃകയിലെ അടിപ്പാത പൂർത്തിയാക്കുമെന്നാണ് പുതിയ ഏജൻസി പറഞ്ഞിരിക്കുന്നത്. സ്ട്രക്ചർ പൂർത്തിയാകുമ്പോൾ ഇരുപത് കോടി രൂപ ചെലവാകുമെന്നും തുടർന്നുള്ള വിശകലനത്തിന് ശേഷമായിരിക്കും മൊത്തം തുക കണക്കാക്കുക എന്നുമാണ് യൂണിക്, ഭാരതീയ കമ്പനികളുടെ അധികൃതർ പറഞ്ഞിരിക്കുന്നത്.