trolling-nirodhanam
ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ വലയും ഉപകരണങ്ങളും എടുത്തുവയ്ക്കുന്നു

ചാവക്കാട്: ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മത്സ്യബന്ധന ബോട്ടുകൾ തീരമണഞ്ഞു. കടപ്പുറം മുനക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിലെ നൂറോളം ബോട്ടുകളാണ് കരക്ക് കയറ്റിയത്. അമ്പതോളം വലിയ ബോട്ടുകൾ ചേറ്റുവ പുഴയിൽ നങ്കൂരമിട്ടു. 52 ദിവസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞാലാണ് ഇനി ബോട്ടുകൾ കടലിലിറങ്ങുക. ബോട്ടുകൾ അറ്റകുറ്റ പണി നടത്തിയും പെയിന്റടിക്കുകയും വലയും ഉപകരണങ്ങളും പ്രത്യേകം തയാറാക്കിയുമാണ് വീണ്ടും കടലിൽ മത്സ്യ ബന്ധനത്തിനിറങ്ങുക.

കടപ്പുറം മുനക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽ ബോട്ടുകൾ കരക്ക് കയറ്റിയതോടെ നൂറു കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതായി. മുംബായ്, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോലിക്കായി ഒന്നരമാസം മത്സ്യത്തൊഴിലാളികൾ പോകും. കഴിഞ്ഞ സീസണിൽ വേണ്ടത്ര മത്സ്യം ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.