school-
പെരിഞ്ഞനം ഗവ. യു.പി സ്കൂളിൽ മൂന്ന് കോടി രൂപ ചെലവിട്ടു നിർമ്മിച്ച ആധുനിക കെട്ടിടത്തിന്റെ ഉദ്‌ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിക്കുന്നു.

കയ്പ്പമംഗലം : സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ കുളം പെരിഞ്ഞനം പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യാൻ ശ്രമിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. പെരിഞ്ഞനം ഗവ. യു. പി സ്കൂളിൽ മൂന്ന് കോടി രൂപ ചെലവിട്ടു നിർമ്മിച്ച ആധുനിക കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സുമേധ പദ്ധതിക്ക് പ്രയോജനപ്പെടുത്തുന്ന ഈ കെട്ടിടം കയ്പ്പമംഗലം മണ്ഡലം തലത്തിൽ സിവിൽ സർവീസ് - പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രമാക്കി മാറ്റും.

അക്കാഡമിക് പ്രവർത്തനങ്ങളുടെ ആസ്ഥാനമായി സുമേധ മാറണം. കയ്പ്പമംഗലം മണ്ഡലത്തിൽ സുമേധ, നീന്തൽക്കുളം, വരാൻ പോകുന്ന സയൻസ് പാർക്ക് തുടങ്ങിയവ ഏകോപിപ്പിച്ച് ബൃഹത് പദ്ധതിയായി മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ . ടി . ടൈസൺ മാസ്റ്റർ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. പി .ഡബ്ലി യു.ഡി എൻജിനീയർ അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത്, വൈസ് പ്രസിഡന്റ് സ്മിത ഷാജി, ജനപ്രതിനിധികളായ എം.എ വിജയൻ, സി .കെ ഗിരിജ, ഹേമലത കൊല്ലറ, സായിദാ മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി മികച്ച സൗകര്യങ്ങളാണ് പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിലുള്ളത്. ഗ്രീൻ റൂം സൗകര്യത്തോടെയുള്ള ഓഡിറ്റോറിയം, 12 ക്ലാസ് മുറികൾ, എല്ലാ ബ്ലോക്കുകളിലും ശുചിമുറി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്..