കൊടകര: ദേശീയപാത കൊടകരയിൽ മേൽപാലത്തിനു സമീപം സെന്റ് ജോസഫ് പള്ളിക്കു പുറകിലായി സർവീസ് റോഡരികിലെ ചീഞ്ഞളിഞ്ഞ മാലിന്യവും വെള്ളക്കെട്ടും യാത്രക്കാർക്ക് ഭീഷണിയാകുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളും വീടുകളിൽ നിന്നുള്ള മാലിന്യവും ഇവിടെ ഉപേക്ഷിക്കുന്നുണ്ട്. സ്ഥിരമായി ഇവിടെ വലിയ വാഹനങ്ങൾ പാർക്കു ചെയ്യുന്നതും സമീപത്തെ പറമ്പിനോട് ചേർന്നുള്ള പൊന്തക്കാടും പകൽ മാലിന്യം തള്ളാനെത്തുന്നവർക്കും സൗകര്യമൊരുക്കുന്നു. മാലിന്യം മഴപെയ്തതോടെ ചീഞ്ഞളിഞ്ഞ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാർ.
കുട്ടികളുടെ സ്‌നഗി പോലുള്ള ഉപയോഗശൂന്യമായ വസ്തുക്കളും അടുക്കള മാലിന്യവും ഇവിടെ ഉപേക്ഷിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. പൊട്ടിയതും പൊട്ടാത്തതുമായ ചില്ലു കുപ്പികൾ ഉൾപ്പടെ അപകടകരമാം വിധം സർവീസ് റോഡരികിൽ തള്ളുന്നുണ്ട്. കൊടകര പഞ്ചായത്ത് നിരോധിച്ച വലിയ പ്ലാസ്റ്റിക് കവറിലാക്കിയും ചാക്കുകളിലും മാലിന്യം ഇവിടെ ഉപേക്ഷിക്കുന്നു. അധികവും പ്ലാസ്റ്റിക്കും കടലാസുമായതിനാൽ വേനലിൽ ഇവ ഇടക്കിടെ കത്തിക്കാറുണ്ട്. സർവീസ് റോഡിന് സമീപത്തെ ഇരുവശവും കെട്ടിയ വലിയ കാനയിൽ സ്ലാബില്ലാത്തയിടങ്ങളിലും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലും ചാക്കുകെട്ടുകളിൽ നിറച്ച മാലിന്യം ചിതറി കിടക്കുകയാണ്. ദുർഗന്ധവും, ഇറച്ചിമാലിന്യം തിന്നാനെത്തുന്ന തെരുവ് നായ ശല്യവും മൂലം ഈ വഴിയുള്ള കാൽനടയാത്ര ദുസഹമാണ്.
മാലിന്യമോ മഴവെള്ളമോ ഒഴുകിപോകുന്നതിനുള്ള ഡ്രൈനേജ് സംവിധാനവും ഇനിയും കാര്യക്ഷമമാക്കിയിട്ടില്ല. ഈ ഭാഗത്ത് സർവീസ് റോഡിന്റെ ഡ്രൈനേജ് നിർമാണം നടത്താത്തതിനാൽ ടൗണിൽ നിന്നെത്തുന്ന മാലിന്യവും എത്തിച്ചേരുന്നത് ഇവിടെയാണ്. സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൊടകര ടൗണിലെ നടപ്പാത നിർമാണം നടത്തിയെങ്കിലും നടപ്പാതക്കടിയിലൂടെ പോകുന്ന കാന അവസാനിക്കുന്നത് മേൽപ്പാലത്തിനു സമീപത്താണ്. ശാന്തി ആശുപത്രിയുടെ മുൻവശത്തെ കടകൾക്ക് പുറകിലായി അവസാനിപ്പിച്ച ഡ്രൈനേജിലൂടെ ഒഴുകി വരുന്ന മാലിന്യം റോഡിലേക്ക് ഒഴുകാതിരിക്കാൻ മണ്ണിട്ടു തടഞ്ഞു നിറുത്തിയിരിക്കുകയായിരുന്നു. മഴ ശക്തിയായതോടെ തടഞ്ഞുനിർത്തിയിരിക്കുന്ന മാലിന്യം വെള്ളത്തോടൊപ്പം പുറത്തേക്കൊഴുകി സർവീസ് റോഡിൽ കെട്ടിക്കിടക്കുകയാണ്. ഇവിടെ നിന്നും ഒഴുകുന്ന വെള്ളം സമീപത്തെ കിണറുകളിലെത്തുമെന്നും അതുവഴി പകർച്ചവ്യാധി ഭീഷണിയുമുണ്ടാകുമെന്നും കാലവർഷം തുടങ്ങും മുൻപ് കാട് വെട്ടി തെളിയിച്ച്, മാലിന്യം തള്ളൽ തടയാൻ നടപടി യെടുക്കണമെന്നും സമീപവാസികൾ ആവശ്യപ്പെട്ടു. മാലിന്യം നീക്കാനും നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും അധികൃതർ തയ്യാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.