തൃശൂർ: സർക്കാർ നിരക്ക് അവഗണിച്ച് ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ-ജനസേവനാ കേന്ദ്രങ്ങളിൽ ഈടാക്കുന്നത് അമിത ചാർജ്. സർക്കാർ അംഗീകൃത നിരക്ക് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന നിയമവും പാലിക്കുന്നില്ല. 2018ലാണ് അക്ഷയ സേവനങ്ങളുടെ ചാർജ് ഇലക്ട്രോണിക്‌സ് ആൻഡ് വിവര സാങ്കേതിക വിദ്യ വകുപ്പ് പുതുക്കിയത്. ഇതനുസരിച്ച് നിരക്കുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ബ്രോഷർ അക്ഷയ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചെങ്കിലും സെന്ററുകളിലേക്ക് വിതരണം ചെയ്തില്ല. പുതുക്കിയ ചാർജ് പര്യാപ്തമല്ലെന്ന് സെന്റർ നടത്തിപ്പുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ഒരു കമ്മിറ്റിയെ വച്ച് കാലികമായി പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചതായിരുന്നു കാരണം.

അക്ഷയ സംസ്ഥാന ഓഫീസിലെ മാനജർമാർ, ജില്ലാ പ്രോജക്‌റ്റ് മാനേജർമാർ, അക്ഷയ സംരംഭ യൂണിയൻ പ്രതിനിധികൾ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര പ്രതിനിധി എന്നിവരടങ്ങിയതായിരുന്നു കമ്മിറ്റി. ഇവരുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് സെന്ററുകൾ നിരക്ക് പട്ടിക പ്രദർശിപ്പിക്കാത്തത്. അതേ സമയം നിലവിൽ ഈടാക്കുന്ന നിരക്ക് പ്രദർശിപ്പിക്കണമെന്നും വാങ്ങുന്ന തുകയുടെ ബിൽ നൽകണമെന്നുമുള്ള നിർദ്ദേശം പാലിക്കാതെ ആൾക്കാരെ നോക്കിയാണ് ചില സെന്ററുകൾ ഉപഭോക്താക്കളോട് ചാർജ് ഈടാക്കുന്നത്. എസ്.എസ്.എൽ.സി., പ്‌ളസ് ടു ഫലം പുറത്തുവന്നതിനുശേഷമാണ് കൂടുതൽ പരാതികൾ ഉയർന്നത്. അയ്യന്തോളിലെ സായ് ഭവൻ നൽകിയ പരാതിയിൽ അക്ഷയ കേന്ദ്രങ്ങളിൽ സേവന നിരക്കുകൾ പ്രദർശിപ്പിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവ പ്രദർശിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് അക്ഷയ കേന്ദ്രം ജില്ലാ ഓഫീസറോട് സിവിൽ സപ്‌ളൈസ് കമ്മിഷണറുടെ കാര്യാലയം ഉത്തരവിട്ടിട്ടുണ്ട്.

 സൗജന്യത്തിനും ചാർജ്

ആധാർ എൻറോൾമെന്റ്, ആധാർ തത്‌സ്ഥിതി അന്വേഷണം, അഞ്ചുവയസിലും 15 വയസിലും നിർബന്ധമായി നടത്തേണ്ട ബയോമെട്രിക് നവീകരിക്കൽ എന്നിവ സർക്കാർ കണക്കിൽ അക്ഷയ കേന്ദ്രങ്ങളിൽ സൗജന്യമാണ്. എസ്.സി./എസ്.ടി. വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ് സേവനങ്ങളും സൗജന്യമാണ്. ഇതൊന്നും അംഗീകരിക്കാൻ ചില അക്ഷയ കേന്ദ്രങ്ങൾ തയ്യാറാകുന്നില്ല. ഇ-ഗ്രാന്റ് സേവനങ്ങൾക്ക് നിശ്ചിത തുക വാങ്ങാമെന്ന് ഉടമകൾ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.

 നടത്തിയിട്ട് കാര്യമില്ല

സർക്കാർ നിരക്കിൽ സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നാണ് അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ നിലപാട്. വലിയ തുക വായ്പയെടുത്താണ് പലരും കേന്ദ്രങ്ങൾ ആരംഭിച്ചത്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, ഇന്റർനെറ്റ്, മുറി വാടക എന്നിവയ്ക്കുള്ളത് മാറ്റിവച്ചാൽ വരുമാനത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്ന് അക്ഷയ സെന്റർ ഉടമകൾ പറയുന്നു.


 നിരക്ക് ഏകീകരിക്കണം

അക്ഷയകേന്ദ്രങ്ങളിൽ എല്ലായിടത്തും ഒരേ ചാർജ് ഈടാക്കണമെന്നാണ് തങ്ങളുടെയും ആവശ്യം. പരാതികൾ പലയിടത്ത് നിന്നും ഉയരുന്നുണ്ട്. പരാതിക്കിട നൽകുന്നവരിൽ ഭൂരിഭാഗവും വ്യാജ അക്ഷയ സെന്ററുകളാണ്. ഇവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. ഉപഭോക്താവിന്റെ അറിവില്ലായ്മയാണ് ഇവർ ചൂഷണം ചെയ്യുന്നത്. -ജയൻ (ജനറൽ സെക്രട്ടറി, ഐ.ടി. എംപ്‌ളോയീസ് അസോസിയേഷൻ)

ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ എണ്ണം 230