കയ്പ്പമംഗലം: വഴിതെറ്റിയെത്തിയ വയോധികനെ കുടുംബത്തിന് കൈമാറി പൊലീസും നാട്ടുകാരും. എടത്തിരുത്തി സ്വദേശിയും വലപ്പാട് താമസക്കാരനുമായ 69 കാരൻ തട്ടാരുപുരക്കൽ വാസുവിനെയാണ് ഇന്നലെ ബന്ധുക്കൾക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കയ്പ്പമംഗലം പഞ്ഞംപള്ളി ഭാഗത്ത് റോഡരികിൽ അപരിചിതനായ ഒരാൾ വീണു കിടക്കുന്നത് കണ്ടത്. പരസ്പര വിരുദ്ധമായ രീതിയിൽ സംസാരിക്കുന്ന വയോധികൻ കാാല് തെറ്റി വീണ് നെറ്റിയിലെ മുറിവിൽ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു. പ്രദേശവാസികളായ അശ്വിൻ, അഖിൽ, ശരത്ത്, ദേവൻ എന്നിവർ ചേർന്ന് കയ്പ്പമംഗലം പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസിന്റെ സഹായത്തോടെ പെരിഞ്ഞനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പേര് വാസു ആണെന്നും സ്വദേശം ചാവക്കാട്, മുത്തൻമാവ്, എടത്തിരുത്തി എന്നിങ്ങനെ പല സ്ഥലങ്ങളിലാണെന്നും പറഞ്ഞതോടെ അന്വേഷണം വഴിമുട്ടി. ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അഗതിമന്ദിരത്തിലേക്ക് മാറ്റാനായിരുന്നു പൊലീസ് തീരുമാനം. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ നടത്തിയ അന്വേഷണം പത്തനംതിട്ടയിലുള്ള ബന്ധു കാണുകയും ഇയാൾ വലപ്പാടുള്ള മറ്റ് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. വീടോ കുടുംബമോ ഇല്ലാത്ത വാസുവിനെ സഹോദരന്റെ ഭാര്യയും മറ്റൊരു സഹോദരിയുടെ മകനും ചേർന്ന് കൂട്ടിക്കൊണ്ട് പോയി. സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ സൂപ്രണ്ട് ഡോ : സാനു എം പരമേശ്വരൻ, ആശുപത്രി ജീവനക്കാർ, കയ്പ്പമംഗലം എ.എസ്.ഐ കെ.എസ് അബ്ദുസലാം, സീനിയർ സി.പി.ഒ പി.ആർ സുരേന്ദ്രൻ, പൊലീസ് കെയർ കമ്മിറ്റി അംഗം ഷെമീർ എളേടത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് താത്കാലിക പരിചരണവും മറ്റും ഒരുക്കിയത്