വടക്കാഞ്ചേരി: വെള്ളം വെള്ളം സർവത്ര എങ്കിലും തുള്ളി കുടിക്കാനില്ലെന്നതാണ് വരവൂരിന്റെ സ്ഥിതി. വനഭൂമിയാൽ ചുറ്റപ്പെട്ട് രണ്ട് മലയിടുക്കുകളിൽ നിന്നായെത്തുന്ന ഒലിച്ചി വെള്ളച്ചാട്ടം മഴക്കാലത്ത് പ്രകൃതി സ്‌നേഹികൾക്ക് മനോഹരമായൊരു കാഴ്ചയാണ്. എന്നാൽ വേനൽ കാലം പകുതിയാകുന്നതോടെ ഇവിടം വറുതിയുടെ പിടിയിലാകുന്നു.
വർഷക്കാലം മുഴുവൻ കാനന സുന്ദരിയായി ഒഴുകിയെത്തുന്ന ശുദ്ധമായ വെള്ളം ആർക്കും പ്രയോജനമില്ലാതെ ഒഴുകികൊണ്ടിരിക്കും. ഇതിന്റെ ഉത്ഭവസ്ഥാനത്ത് ചെക് ഡാം നിർമ്മിക്കുകയും താഴെ തടയണ നിർമ്മിക്കുകയും ചെയ്താൽ വരവൂർ പഞ്ചായത്തിലെ നാലു വാർഡുകൾക്ക് പൂർണ്ണമായും സമീപവാർഡുകൾക്ക് ഭാഗികമായും കുടിവെള്ളം ലഭിക്കും. കൂടാതെ സമീപത്തെ കിണറുകളിൽ ജലനിരപ്പുയർത്താനും, കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനും ഇത് കാരണമാകും. ഈ ആവശ്യവുമായി പ്രദേശവാസികൾ ഇറിഗേഷൻ വകുപ്പിനും ജനപ്രതിനിധികൾക്കും പലതവണ നിവേദനം നൽകിയെങ്കിലും അവയെല്ലാം കടലാസിൽ തന്നെ ഒതുങ്ങുകയായിരുന്നു.
വർഷക്കാലമായാൽ പ്രകൃതിയൊരുക്കുന്ന ഈ മനോഹര ദൃശ്യം കാണാൻ നിരവധി പേരാണ് ഒലിച്ചി വെള്ളച്ചാട്ടത്തിനു സമീപമെത്തുന്നത്. വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ചിറ്റണ്ടയിലെ ചെറു ചക്കി ചോലയും ഒലിച്ചിയിലെ വെള്ളച്ചാട്ടവും ഇരുനിലം കോട് ഗുഹാക്ഷേത്രവും കോർത്തിണക്കി ഒരു ടൂറിസം രൂപരേഖ വകുപ്പിനു നൽകിയെങ്കിലും അതും ഫലം കണ്ടില്ല. ഓരോ വർഷവും കുടിവെള്ള ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവിടെ ചെക് ഡാം നിർമ്മിച്ച് ജലസംഭരണത്തിനുള്ള സൗകര്യമൊരുക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വരവൂർ കൊറ്റുപുറം ഒലിച്ചി വെള്ളച്ചാട്ടം