തൃശൂർ: അപൂർവയിനം പ്രാണി കടിച്ചതിനെ തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം അപകടത്തിലായ ആറുമാസം ഗർഭിണിയായ യുവതിക്ക് എക്‌മോ ചികിത്സയിലൂടെ പുനർജന്മം. ചൂണ്ടൽ പുലിക്കോട്ടിൽ ഡിനിഷ നിവിനാണ് കേരളത്തിൽ അപൂർവമായ എക്‌മോ ചികിത്സയിൽ നടത്തിയത്.
പ്രാണി കടിച്ചതിനെ തുടർന്നുണ്ടായ അലർജിയിൽ ശരീരം മുഴുവൻ നീര് വന്ന് വീർത്ത നിലയിൽ രണ്ടാഴ്ച മുമ്പാണ് ഡിനിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞുപോവുകയും ഹൃദയപേശികൾക്ക് അനക്കക്കുറവ് വരുന്ന സ്‌ട്രെസ് കാർഡിയോമയോപ്പതി ഉണ്ടാവുകയും ചെയ്തു. 48 മണിക്കൂറുകൾക്ക് ശേഷവും ഹൃദയത്തിന്റെ വീക്കവും ശ്വാസകോശത്തിന്റെ വികാസക്കുറവും രക്ത സമ്മർദ്ദത്തിന്റെ തോത് സാധാരണ നിലയിലായില്ല. ആരോഗ്യനില ഗുരുതരമായതോടെയാണ് എക്‌മോ മെഷിൻ വഴിയുള്ള ചികിത്സ പരീക്ഷിച്ചത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം മെഷീൻവഴി ഏറ്റെടുക്കുന്ന ചികിത്സാ രീതിയാണ് എക്‌മോ. ഹൃദയത്തിന്റെ പ്രവർത്തനം മെഷീൻ ഏറ്റെടുത്തുകഴിഞ്ഞാൽ വലത് അറയിലേക്ക് പോകുന്ന അശുദ്ധ രക്തത്തെ പ്രത്യേക ട്യൂബ് വഴി വലിച്ചെടുത്ത് ഓക്‌സിജനെറ്റ് ചെയ്ത് ശരീരത്തിന്റെ മഹാധമനിയിൽ രക്തസംക്രമണത്തിന് ആവശ്യമായ സമ്മർദ്ദത്തിൽ തിരികെ നൽകും. ഹൃദയത്തിന്റെ 85 ശതമാനം ജോലി ഭാരം മെഷീൻ ഏറ്റെടുക്കുന്നതോടൊപ്പം ശ്വാസകോശത്തിനും ആവശ്യമായ വിശ്രമം ലഭിക്കും. മൂന്നു ദിവസത്തെ എക്‌മോ ചികിത്സയിൽ ഡിനിഷയുടെ ഹൃദയം സാധാരണനിലയിലേക്കെത്തി. അഞ്ചാം ദിവസം മുതൽ ഹൃദയം പൂർണമായും പ്രവർത്തനക്ഷമമായതോടെ മെഷീനിൽ നിന്ന് ഡിനിഷയെ മാറ്റി. അമലയിലെ ഹൃദയാരോഗ്യ വിഭാഗത്തിലെ ഡോക്ടർമാരായ രൂപേഷ്, ഗോപകുമാർ, രാജേഷ്, ജോഫി, ജയകുമാർ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഡിനിഷയെ അമല ഡയറക്ടർ ഫ്രാൻസിസ് കുരിശേരിയും മെഡിക്കൽ ടീം അംഗങ്ങളും ചേർന്ന് യാത്രയാക്കി.