ഒല്ലൂർ: ഒല്ലൂർ റെയിൽവേ സ്റ്റേഷനു സമീപം തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് കടിയേറ്റു. കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. നാട്ടുകാർ തെരുവുനായയെ തല്ലിക്കൊന്നതോടെയാണ് രണ്ട് മണിക്കൂർ നീണ്ടുനിന്ന ഉത്കണ്ഠയ്ക്ക് അറുതിയായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് തെരുവുനായ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓട്ടുക്കമ്പനിയിലേക്കു ചെന്ന് പ്രകോപനമില്ലാതെ തൊഴിലാളിയായ കുഞ്ഞലയെ കടിച്ചത്. തുടർന്ന് മറ്റ് തൊഴിലാളികൾ ബഹളം വച്ചതോടെ നായ പുറത്തേക്കോടി സമീപവാസികളെയും കാൽ നടയാത്രക്കാരെയും കടിക്കുകയായിരുന്നു. രണ്ടു മണിക്കൂറുകൾക്കുശേഷം നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊല്ലുകയായിരിരുന്നു. നായുടെ ജഡം കോർപറേഷൻ അധികൃതർ കൊണ്ടുപോയിട്ടുണ്ട്.