anshad
ഡാവിഞ്ചി വരച്ച അൻഷാദിന്റെ ചിത്രം

തൃശൂർ: 'ഇത് അൻഷാദ് ഗുരുവായൂർ. കുതിരപ്പന്തയങ്ങളുടെ ഫോട്ടോഗ്രാഫർ. ഇന്ത്യയിലും അറബിനാട്ടിലും കാമറ ചലിപ്പിച്ച് ഉപജീവനം നടത്തുന്ന ചെറുപ്പക്കാരൻ...'

പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ഫേസ് ബുക്കിൽ ഇന്നലെയിട്ട ഈ പോസ്റ്റും തുടർന്നുള്ള വാക്കുകളും ചിത്രങ്ങളും ലോകം ഏറ്റെടുത്തു. ഡാവിഞ്ചി സുരേഷ് വരച്ച ചിത്രത്തോടൊപ്പം അൻഷാദിന്റെ അസുലഭമായ ജീവിതകഥ ചേർത്തതാണ്‌ വൈറലാകാൻ കാരണം.

ബന്ധുവായ പെൺകുട്ടിക്ക് 70 ശതമാനം കരൾ പകുത്തുനൽകിയ കേരളത്തിലെ ആദ്യ ദാതാവാണ് അൻഷാദ്. ഫേസ് ബുക്കിൽ മാത്രം പരിചയമുള്ള അൻഷാദും ഡാവിഞ്ചിയും വിദേശത്ത് വച്ചാണ് കാണുന്നത്. ഇഷ്ടപ്പെട്ട ഒരു അറബിയുടെ ചിത്രം നൽകി, അതു വരയ്ക്കാനായിരുന്നു അൻഷാദിന്റെ ആവശ്യം. സംസാരത്തിനിടയിൽ തന്റെ ജീവിതകഥയും അൻഷാദ് പങ്കിട്ടു. അറബിയുടെ ചിത്രത്തേക്കാൾ കരൾ പകുത്ത് നൽകിയതിന്റെ അടയാളവുമായി വർഷങ്ങളായി ജീവിക്കുന്ന അൻഷാദിന്റെ പടമാണ് വരയ്ക്കാൻ ഇഷ്ടമെന്ന് ഡാവിഞ്ചി പറഞ്ഞു. അൻഷാദ് സമ്മതിച്ചു.

anshadddd
അൻഷാദും ഡാവിഞ്ചിയും

 കഥ ഇങ്ങനെ.

കേരളത്തിൽ മെഡിക്കൽ ബോർഡ് കരൾ ദാനത്തിന് ആദ്യമായി അനുമതി നൽകിയത് അൻഷാദിനാണ്. അന്ന് 35 വിഭാഗങ്ങളിൽ നിന്നായി എൻ.ഒ.സി എടുക്കേണ്ടി വന്നു. 2008 ഏപ്രിൽ ആറിന് ഡൽഹിയിലെ ശ്രീ ഗംഗാറാം ഹോസ്പിറ്റലിൽ ഡോക്ടർ സോയനിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിലാണ് അൻഷാദ് കരൾ പകുത്തുനൽകിയത്. അന്ന് ഇന്ത്യയിൽ നടക്കുന്ന അപൂർവങ്ങളിൽ അപൂർവമായ ശസ്ത്രക്രിയ. ഡൽഹിയിലെ മലയാളി സന്നദ്ധ പ്രവർത്തകർ, ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥികൾ എന്നിവരിൽ നിന്നൊക്കെ രക്തം ശേഖരിച്ചെങ്കിലും തികയില്ലെന്ന് തോന്നിയപ്പോൾ ശസ്‌ക്രിയയ്ക്ക് മുമ്പ് സ്വന്തം രക്തവും അൻഷാദ് ദാനം ചെയ്തു. ഗുരുവായൂർ ഇടപ്പള്ളി സ്വദേശി എം. വി.അബുവിന്റെയും റംലത്തിന്റെയും മൂന്ന് മക്കളിൽ മൂത്ത മകനാണ് അൻഷാദ്. ശസ്ത്രകിയയ്ക്കുശേഷം കാളത്തോട് തണൽ എന്ന കരുണാലയത്തിലെ അന്തേവാസിയെ ജീവിതസഖിയാക്കി അൻഷാദ് വീണ്ടും മാതൃകയായി. മൂന്നു കുട്ടികളുണ്ട്. മൂന്നുപേരും പിറന്നത് ഏപ്രിൽ 25ന്. വ്യത്യസ്ത വർഷങ്ങളിലാണെന്ന് മാത്രം.

.........................................
''ആറടി ഉയരമുള്ള കാൻവാസിൽ അക്രിലിക് ഉപയോഗിച്ച് രണ്ട് ദിവസം കൊണ്ടാണ് അൻഷാദിന്റെ ചിത്രം വരച്ചത്.

- ഡാവിഞ്ചി സുരേഷ്.