ചാലക്കുടി: കോർട്ട് കോംപ്ലക്‌സ് നിർമ്മാണവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ അഴിയുന്നു. ഹൈക്കോടതിയുടെ ബിൽഡിംഗ് കമ്മിറ്റി ജൂൺ 14ന് ചേർന്ന് ചാലക്കുടിയിലെ കെട്ടിട നിർമ്മാണത്തിനുള്ള അനുമതി നൽകും. തുടർന്ന് ചീഫ് ആർക്കിടെക്ചറിന് അയച്ചു കൊടുക്കുന്ന രൂപരേഖയ്ക്ക് ഉടൻ അന്തിമാനുമതിയും ലഭിക്കും.

ആഗസ്റ്റ് മാസത്തോടെ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. നാലുനില കെട്ടിടത്തിന്റെ നിർമ്മാണത്തിനാണ് നേരത്തെ അനുമതി ലഭിച്ചിരുന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ മുന്നോടിയായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് കോർട്ട് കോംപ്ലക്‌സിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ അവതാളത്തിലായത്.

പുതിയ റോഡിനായി ഏഴു മീറ്റർ സ്ഥലം നീക്കിയിടണമെന്ന നിർദ്ദേശം വന്നത് ആശയക്കുഴപ്പമുണ്ടാക്കി. ഇങ്ങനെ വന്നാൽ ആകെയുള്ള 47 സെന്റ് സ്ഥലത്ത് കെട്ടിട നിർമ്മാണം അസാദ്ധ്യമാകും. എന്നാൽ വിജ്ഞാപനം ഉണ്ടാകാത്ത സ്ഥിതിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് തടസമില്ലെന്നാണ് ഹൈക്കോടതിയിൽ നിന്നും ജില്ലാ ജഡ്ജിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ 10 കോടി രൂപയാണ് കെട്ടിടത്തിന് അനുവദിച്ചത്. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, മുൻസിഫ് കോടതിയോടൊപ്പം നഗരസഭയുടെ ലൈബ്രറി മന്ദിരത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.