തൃശൂർ: കോർപറേഷൻ നെഹ്‌റു പാർക്കിന്റെ പ്രവേശനത്തിന് 10 രൂപയും, കുട്ടികളില്ലാതെ വരുന്നവർക്ക് നിയന്ത്രണവും സൈക്കിൾ ട്രാക്കിലൂടെ സൈക്കിൾ ചവിട്ടുന്നതിന് മണിക്കൂറിൽ 10 രൂപ നിരക്കിൽ ഫീസ് ഈടാക്കുന്നത് പ്രതിഷേധാർഹവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ, ഉപനേതാവ് ജോൺ ഡാനിയൽ എന്നിവർ പറഞ്ഞു.

കേരളത്തിലെ ഏറ്റവും അത്യാധുനിക സൗകര്യങ്ങളുള്ളതും കടൽക്കാഴ്ചയുള്ളതുമായ കൊച്ചി കോർപറേഷന്റെ സുഭാഷ് ബോസ് പാർക്കിൽ പ്രായഭേദമേന്യ 3 മുതൽ അടയ്ക്കുന്ന സമയം വരെ സൗജന്യമാണ്. കോടിക്കണക്കിന് രൂപ തനത് ഫണ്ടിൽ നിന്ന് എടുത്താണ് സുഭാഷ് പാർക്ക് കൊച്ചി കോർപറേഷൻ ഈ കൗൺസിലിന്റെ കാലത്ത് നവീകരിച്ചത്.
നെഹ്‌റു പാർക്ക് നവീകരിച്ചത് അമൃത് പദ്ധതി പ്രകാരം അനുവദിച്ച സംഖ്യ ഉപയോഗിച്ചാണ്. നവീകരണത്തിൽ ക്രമവിരുദ്ധമായ ഇടപെടലുകളും അഴിമതിയും നടന്നിട്ടുണ്ട്. പാർക്ക് കണ്ട് ഉല്ലസിക്കാൻ വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നയമാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.