ചാലക്കുടി: പരിഷ്‌കാര തീരുമാനം നടപ്പാക്കുമ്പോഴും ചാലക്കുടി നഗരത്തിലെ ഗതാഗതക്കുരുക്കിന് അയവില്ല. തിങ്കളാഴ്ചയും പ്രധാന റോഡുകളിൽ വലിയ വാഹനക്കുരുക്ക് അനുഭവപ്പെട്ടു. പ്രത്യേകിച്ച് രാവിലെയും വൈകീട്ടും. പൊലീസിന്റെ സാന്നിദ്ധ്യമില്ലാത്തതാണ് ഗതാഗത സ്തംഭനത്തിന് ഇടയാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സൗത്ത് ജംഗ്ഷനിൽ തിരക്കുള്ള സമയങ്ങളിൽ മാത്രമാണ് ഇപ്പോൾ പൊലീസുള്ളത്. പ്രവേശന കവാടമില്ലാത്തെ ദേശീയപാതയിലെ മുനിസിപ്പൽ ജംഗ്ഷനിൽ രാവിലെ കുറച്ചു സമയത്തും പൊലീസ് യാത്രക്കാരെ കടത്തി വിടാനെത്തുന്നുണ്ട്. എന്നാൽ നഗരത്തിലെ മറ്റിടങ്ങളിൽ രൂക്ഷമാകുന്ന ഗതാഗത സ്തംഭനം പരിഹരിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ട്രാഫിക്ക് കമ്മിറ്റി നിർദ്ദേശിച്ചതുപോലെ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിനായി ബസ്സുടമകൾ നിർദ്ദേശിച്ച മെയിൻ റോഡിലെ പാർക്കിംഗ് ഒഴിവാക്കണമെന്ന ആവശ്യം ഇതുവരേയും നടപ്പാക്കാനായില്ല. നോ പാർക്കിംഗിന്റെ രണ്ട് ബോർഡുകളാണ് ഇതുവരെ സ്ഥാപിച്ചത്.