തൃശൂർ : ദിവാൻജി മൂലയ്ക്ക് സമീപം റെയിൽവേ ട്രാക്കിലേക്ക് തെങ്ങ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ശക്തമായ കാറ്റിലാണ് ദിവാൻജി മൂല മേൽപ്പാലത്തിന് സമീപം റെയിൽവേ ട്രാക്കിന് പടിഞ്ഞാറ് വശത്ത് നിന്ന് തെങ്ങ് വൈദ്യുതി ലൈൻ തകർത്ത് ട്രാക്കിലേക്ക് വീണത്. അല്പസമയത്തിനകം എറണാകുളം ഭാഗത്തേക്കുള്ള ബാംഗ്ലൂർ ഇന്റർസിറ്റി എക്സ്‌പ്രസ് എത്തുകയും ട്രാക്കിലെ തടസം മൂലം നിറുത്തിയിടുകയും ചെയ്തു. ഇതിനകം റെയിൽവേ സുരക്ഷാ ജീവനക്കാരും വൈദ്യുതി വിഭാഗവും എത്തി തെങ്ങ് മുറിച്ചു മാറ്റി. വൈദ്യുതി കമ്പികൾ പൊട്ടിയതിനാൽ അഞ്ചുമണിയോടെ ഇന്റർ സിറ്റി എക്സ്‌പ്രസിനെ ഡീസൽ എൻജിൻ പ്രവർത്തിപ്പിച്ച് കടത്തി വിട്ടു. മുംബയ്‌യിലേക്കുള്ള നേത്രാവതി എക്‌സ്പ്രസ് റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടു. വൈകീട്ട് ആറോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു..