കൊടുങ്ങല്ലൂർ: ചന്തപ്പുര കോട്ടപ്പുറം ബൈപാസിലെ സർവീസ് റോഡുകളിലെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് നിരോധിച്ചു. രണ്ടു് സർവീസ് റോഡുകളിലും സ്വകാര്യ ബസുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളും വ്യാപകമായി പാർക്ക് ചെയ്യുന്നത് ഈ വഴിയിലൂടെയുള്ള ഗതാഗതം ഏറെ ദുഷ്‌കരമാക്കിയിരുന്നു. പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നതിനും ഇത് കാരണമായിരുന്നു. കഴിഞ്ഞ ദിവസം ഒരു പാൽ വണ്ടി, അനധികൃതമായി പാർക്ക് ചെയ്തിരുന്ന സ്വകാര്യ കോളേജ് ബസിന്റെ പിറകിലിടിച്ച് യുവാവ് മരണമടഞ്ഞിരുന്നു. വാഹനങ്ങൾക്ക് ഗ്രീസ്, എയർ എന്നിവ അടിക്കുന്നതിനുമുള്ള ചില ചെറുവാഹനങ്ങളും റോഡ് ഗതാഗതത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർവീസ് റോഡിലെ പാർക്കിംഗ് നിരോധിച്ചത്.

നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ചെയർമാന്റെ ചേമ്പറിൽവിളിച്ചു ചേർത്ത ബസ് ഉടമകളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. തീരുമാനം എത്രയും വേഗം നടപ്പിലാക്കുന്നതിനു് സർക്കിൾ ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തി. ബസ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ എം.എസ്. പ്രേംകുമാർ, കെ.കെ. രാജൻ, ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓണേഴ്‌സ് അസ്സോസിയേഷൻ പ്രതിനിധി സെബി വർഗ്ഗീസ്, ബസ് ഓപറേറ്റേഴ്‌സ് ഫോറം നേതാക്കളായ ജയാനന്ദ് , എം.വി.ഐ, വി.എ. സന്തോഷ് കുമാർ, എൻ.എച്ച് അസി.എൻജിനിയർ, എം.എ മേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.