തൃശൂർ: ജില്ലയിലും സംസ്ഥാനത്തുടനീളവും വേനൽമഴയിൽ 55 ശതമാനത്തോളം കുറവ്, ഒരു മാസത്തിലെ മഴ പെയ്ത് തീരുന്നത് ഒരാഴ്ചയിൽ, പ്രവചിച്ച സമയം തെറ്റിച്ച് ഇടവപ്പാതിയുടെ പെയ്ത്ത്... പാളുന്ന പ്രവചനങ്ങളിൽ അമ്പരക്കുകയാണ് കാലാവസ്ഥാഗവേഷകർ.

കാലാവസ്ഥാവ്യതിയാനമെന്ന് ഒറ്റവാക്കിൽ കാരണം കണ്ടെത്തുമ്പോൾ, മറ്റ് സംസ്ഥാനങ്ങളിൽ കാലാവസ്ഥാമാറ്റങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടക്കുന്നുണ്ട്. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദത്തെക്കുറിച്ചുള്ള പ്രവചനങ്ങളും തെറ്റുന്നുണ്ട്.

മാർച്ച് ഒന്നു മുതൽ മേയ് 29 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്താകെ ലഭിക്കേണ്ട വേനൽമഴ 358.6 മില്ലീമീറ്ററാണെങ്കിൽ കിട്ടിയത് 161.9 മില്ലീമീറ്ററാണ്. മദ്ധ്യകേരളത്തെയും വടക്കൻ കേരളത്തെയുമാണ് വേനൽ മഴ പാടെ ചതിച്ചത്. കാലവർഷം തുടങ്ങിയെങ്കിലും ശക്തമായില്ലെങ്കിൽ വേനൽമഴയിലെ കുറവ് നികത്താനാവില്ലെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്.

വേനൽമഴ കുറഞ്ഞതോടെ, ഭാരതപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് കുടിവെള്ള വിതരണത്തിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പമ്പ് ഹൗസിൽ നിന്ന് പമ്പിംഗ് മുടങ്ങി. ആയിരക്കണക്കിന് കുടുംബങ്ങൾ ഇതോടെ വലഞ്ഞിരുന്നു. തൃശൂർ നഗരത്തിൽ മുനിസിപ്പൽ പ്രദേശത്ത് മാത്രമല്ല പഞ്ചായത്ത് പ്രദേശങ്ങളിലും ഏതാനും ദിവസങ്ങളായി വ്യാപകമായി ചെളിവെള്ളമാണ് കിട്ടുന്നത്.

കാലാവസ്ഥാ വ്യതിയാനം, പ്രളയം, വൈദ്യുതി ഉത്പാദനം തുടങ്ങി പീച്ചി ഡാമിലെ 14.5 ദശലക്ഷം ലിറ്ററിന്റെ പ്ലാന്റ് കാലഹരണപ്പെട്ടത് വരെ ചെളിവെള്ളത്തിന് കാരണമാകുന്നുവെന്ന് പറയുന്നുണ്ട്. എന്തായാലും ഡാമുകളിൽ വ്യാപകമായി മണ്ണടിയുന്നുണ്ടെന്ന് വ്യക്തം. കഴിഞ്ഞ പ്രളയത്തോടെ ഇത് ഗുരുതരമായി.

വേനൽമഴ കുറഞ്ഞാൽ

പതിറ്റാണ്ടുകൾക്ക് ശേഷമാണ് വേനൽമഴ 55 ശതമാനത്തിലേറെ കുറയുന്നതെന്നാണ് റിപ്പോർട്ട്. 2004, 2012 വർഷങ്ങളിൽ വേനൽമഴയിൽ കുറവുണ്ടായപ്പോൾ വൻ വരൾച്ചയ്ക്ക് കാരണമായി. സമുദ്രോപരിതല താപനില ഉയരുന്നതും വേനൽമഴയുടെ കുറവുകൊണ്ടാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സാധാരണയായി കനത്ത ചൂടിൽ മഴ പെയ്താൽ അന്തരീക്ഷ ഊഷ്മാവ് കുറയാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല.

'വായു' കനിയും

അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. 'വായു' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. ഈ പശ്ചാത്തലത്തിൽ തൃശൂരിലും വടക്കൻ കേരളത്തിലും കർണാടക, ഗോവ തീരങ്ങളിലും വരും ദിവസങ്ങളിൽ കനത്തമഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് നിഗമനം. കടൽക്ഷോഭം രൂക്ഷമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.

ജില്ലയിൽ 12 നും 14 നും മഞ്ഞ അലർട്ട്


കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയത്തിന്റെ പുതുക്കിയ മഴ പ്രവചനം പ്രകാരം 12, 14 തീയതികളിൽ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ (24 മണിക്കൂറിൽ 12 സെന്റി മീറ്റർ വരെ) ലഭിക്കാനുള്ള സാദ്ധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.