ഒല്ലൂർ: വെട്ടുകാടിന് സമീപം പുത്തൻകാടിൽ പുനർനിർമാണം നടക്കുന്ന റോഡിന്റെ തകർച്ചയ്ക്ക് കാരണം സർക്കാരിന്റെ അനാസ്ഥയെന്ന് പുത്തൂർ കോൺഗ്രസ് കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ഈ റോഡ് യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമാണം നടത്തുന്നതിന് പകരം വർഷകാലം ആരംഭിച്ചപ്പോൾ നിർമ്മാണം നടത്തിയതാണ് തകർച്ചയ്ക്ക് കാരണം.

പുത്തൂർ പഞ്ചായത്തിലെ 5, 7, 11 വാർഡുകളിൽ സോയിൽ പൈപ്പിംഗ് മൂലം ഉണ്ടായ വിള്ളലുകളിലൂടെ ജലം ഒലിച്ചിറങ്ങുന്നതിനാൽ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നതെന്നും നേതാക്കൾ പറഞ്ഞു. ഈ മേഖലയിലെ ജനങ്ങളെ മഴക്കാലം കഴിയുന്നതുവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ ഏറ്റെടുക്കണമെന്നും നേതാക്കൾ പറഞ്ഞു. പ്രളയത്തിനുശേഷം പുത്തൂർ പഞ്ചായത്തിലെ പ്രശ്‌നങ്ങൾ കൃത്യമായി പഠനം നടത്താൻ സ്ഥലം എം.എൽ.എ സമയം കണ്ടെത്തിയില്ല.

പൂർണമായും ഭാഗികമായും വീട് തകർന്നവർക്കും ഇതുവരെയും സഹായങ്ങൾ ലഭ്യമായിട്ടില്ല. പുത്തൂർ പഞ്ചായത്തിലെ പ്രളയബാധിതമേഖലയിലെ ഞങ്ങളുടെ പ്രശ്ങ്ങൾ പരിഹരിക്കാൻ എം.എൽ.എ തയ്യാറാകണമെന്നും അല്ലാത്തപക്ഷം എം.എൽ.എ ഓഫീസിൽ പിക്കറ്റിംഗ് അടക്കമുള്ള സമരപരിപാടികൾ കോൺഗ്രസ് നടത്തുമെന്നും നേതാക്കളായ ജൈജു സെബാസ്റ്റ്യൻ, നന്ദൻ കുന്നത്ത്, ടി.കെ. ശ്രീനിവാസൻ, ഇ.എ. ഓമന, പി.ഡി. റെജി എന്നിവർ പറഞ്ഞു.