കൊടുങ്ങല്ലൂർ: കോട്ടപ്പുറം-ചന്തപ്പുര ബൈപാസിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൊലീസും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നു. കേരള പൊലീസ് ഹൈവേ സുരക്ഷാ ജാഗ്രത സമിതിയുടെയും കൊടുങ്ങല്ലൂർ പൊലീസ് സർക്കിളിന്റേയും സഹകരണത്തോടെയാണ് സന്നദ്ധ പ്രവർത്തനം നടന്നത്. ഇന്നലെ രാവിലെ ബൈപാസിൽ നടന്ന പ്രവൃത്തിക്ക് സി.ഐ കെ.ജി. അനീഷ്, എസ്.ഐ വിപിൻ കെ. വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
പൊലീസ് സംഘത്തോടൊപ്പം ഹൈവേ സുരക്ഷാ പ്രവർത്തകരും സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി. ബൈപാസിലെ വെള്ളക്കെട്ട് മൂലം നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. വെള്ളം ഒഴിഞ്ഞ് പോകാനുള്ള ഓവുകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമായത്. ഇവയെല്ലാം തുറന്ന് വിടാനുള്ള താൽക്കാലിക സംവിധാനം ഒരുക്കുകയും ചെയ്തു. ഹൈവേ സുരക്ഷ സമിതി ജില്ലാ പ്രസിഡന്റ് ഇ.ജെ. വൽസൻ, വൈസ് പ്രസിഡന്റ് പി.ആർ. ഉണ്ണി, മേഖലാ പ്രസിഡന്റ് സെൽവരാജ്, ഉണ്ണിക്കൃഷ്ണൻ, അജേഷ്, സനു, ജമാലുദീൻ തുടങ്ങിയവരും പൊലീസുകാർക്കൊപ്പം സന്നദ്ധ പ്രവർത്തനത്തിൽ അണിചേർന്നു.