ചാലക്കുടി: തവളക്കുഴിപ്പാറ ആദിവാസി കോളനിയിൽ വീണ്ടും നെൽക്കൃഷിക്ക് തുടക്കം. പത്തേക്കർ സ്ഥലത്താണ് ഇക്കുറി കൃഷിയിറക്കിയത്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്, അതിരപ്പിള്ളി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ രണ്ടാം വട്ടമാണ് മലയർ വിഭാഗത്തിലെ 28 പേർ മണ്ണിനോട് മല്ലിടാൻ ഇറങ്ങിയത്.
ഒന്നര വർഷം മുമ്പായിരുന്നു ആദ്യകൃഷിയിറക്കൽ. മൂന്നു പതിറ്റാണ്ടു മുമ്പുവരെ ഇവിടെ നെൽക്കൃഷി നടന്നിരുന്നു. തരിശുഭൂമിയിൽ പുതിയ കൃഷിയിറക്കൽ കൊട്ടുംകുരവയുമായി അന്ന് നടന്നു. പാടശേഖരം ഒരുക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞുള്ള ഡ്രൈവറുടെ മരണം പ്രതിസന്ധിക്കിടയാക്കിയിരുന്നു. എന്നാൽ ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ഡി. തോമസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വൈതരണികൾ മറികടന്ന് കാടിന്റെ മക്കളെ വീണ്ടും നെൽക്കൃഷിയിലേക്ക് എത്തിച്ചു.
നൂറുമേനി വിളവുണ്ടായ സംരംഭത്തെ ഊരുകളിലെ മികച്ച നെൽക്കൃഷിയായി തിരഞ്ഞെടുത്ത് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപയുടെ അവാർഡും നൽകി. പ്രളയം മൂലം കഴിഞ്ഞ തവണ ഇവിടെ കൃഷിയിറക്കിയില്ല. ഇക്കുറി ശ്രേയ ഇനത്തിലെ മട്ട വിത്താണ് ഇറക്കുന്നത്. ഇത് സർക്കാർ സൗജന്യമായി നൽകുന്നതാണ്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് കൂലിച്ചെലവും നൽകും. പൊരിങ്ങൽക്കുത്ത് ഷോളയാർ റോഡിനിടയിൽ നിന്നും മൂന്നു കിലോമീറ്റർ ഉൾക്കാട്ടിലേക്ക് മാറിയുള്ള മലയർ കോളനിയിൽ 45 കുടുംബങ്ങളുണ്ടെങ്കിലും 28 പേർക്കാണ് സ്വന്തമായി കൃഷിഭൂമിയുള്ളത്.
ചൊവ്വാഴ്ച നടന്ന ചടങ്ങിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് വിത്തുവിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ.കെ. റിജേഷ്, ട്രൈബൽ വാലി നോഡൽ ഓഫീസർ ഷാലുമോൻ, അസിസ്റ്റന്റ് ഓഫീസർ ഷാജി,എസ്.ടി പ്രമോട്ടർ ഷീജ,ഊരുമൂപ്പൻ ഗോപി എന്നിവർ സംസാരിച്ചു.