ഗുരുവായൂർ: റെയിൽവേ മേൽപ്പാലത്തിനായി സ്ഥലം ഏറ്റെടുക്കൽ ത്വരിതഗതിയിലാക്കുന്നതിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം തീരുമാനിച്ചു. ഇതിനായുള്ള നോട്ടിഫിക്കേഷൻ ഈയാഴ്ച പുറപ്പെടുവിക്കും. 30 സെന്റ് ഭൂമിയാണ് ആകെ എടുക്കേണ്ടത്. സ്ഥല വില റോഡ്‌സ് ആൻഡ്സ് ബ്രിഡ്ജസ് കോർപറേഷൻ കെട്ടിവയ്ക്കും. മൂന്നരമാസം കൊണ്ട് ഈ നടപടികൾ പൂർത്തീകരിക്കും. തുടർന്ന് നിർമ്മാണ ഘട്ടത്തിലേക്ക് കടക്കാനാകും. മന്ത്രി ഇ. ചന്ദ്രശേഖരന് പുറമെ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, റവന്യൂ സെക്രട്ടറി ഡോ. വി. വേണു, നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി, വൈസ് ചെയർമാൻ കെ.പി. വിനോദ്, തൃശൂർ ഡെപ്യൂട്ടി കളക്ടർ പി.പി. അനിൽകുമാർ, റവന്യൂ (എൽ.ആർ) സെക്രട്ടറി ഗോപാലകൃഷ്ണൻ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഡെപ്യൂട്ടി കളക്ടർ പി. രാജൻ എന്നിവർ സംബന്ധിച്ചു.