ചാലക്കുടി: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കാത്തത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്ന് വെള്ളാഞ്ചിറ, തിരുത്തിപ്പറമ്പ് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ നടക്കുന്ന പ്രക്ഷോഭം തികച്ചും സത്യവിരുദ്ധമായ കാര്യങ്ങൾക്ക് വേണ്ടിയാണ്. പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചും കുപ്രചരണങ്ങൾ നടത്തിയും പഞ്ചായത്ത് ഭരണത്തെ തരംതാഴ്ത്തി കെട്ടി രാഷ്ട്രീയ ലാഭം കൊയ്യുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി. പ്രളയത്തിൽ നാശനഷ്ടമുണ്ടായ ചില വീട്ടുകാർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. നഷ്ടത്തിന്റെ തോത് അനുസരിച്ച് സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കളക്ടർ എന്നിവർ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട്. മാത്രമല്ല മുഖ്യമന്ത്രിയെ നേരിട്ട് കണ്ടും നിവേദനം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും മുഖമന്ത്രി ഉറപ്പ് നൽകിയിട്ടുമുണ്ട്.

ഇക്കാര്യങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിലും നാശനഷ്ടങ്ങൾ സംഭവിച്ച വീട്ടുകാരെയും അറിയിക്കുകയും ചെയ്തു. എന്നാൽ വസ്തുത ഇതാണെന്നിരിക്കെ കുപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്ത് ഭരണത്തെ കരിതേച്ച് കാണിക്കുന്ന പ്രവൃത്തികളാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഇവർ പറഞ്ഞു. വൈസ് പ്രസിഡന്റ് എ.ആർ. ഡേവീസ്, പഞ്ചായത്ത് അംഗം ബിന്ദു മുരളി, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എസ്. മൊയ്തീൻ, യു.കെ. പ്രഭാകരൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.